കാസര്‍കോട്: വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംഘടിപ്പിച്ചതു പോലൊരു പരിപാടി ഏതായാലും സി.പി.ഐ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സാമൂഹിക യാഥാര്‍ഥ്യം കാണാതെ പോകില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു പരിപാടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ശ്രീകൃഷ്ണജയന്തി ദിനം മറ്റൊരു പരിപാടിയും വേണ്ടെന്നത് ഫാസിസമാണെന്ന് സിപിഎം പറയുന്നു.കൃഷ്ണനെ ബിജെപി നേതാവായി അവരോധിക്കാന്‍ ശ്രമം നടക്കുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലംസംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിന്റെ സമാപനമാണ് നടന്നത്. സിപിഐ(എം) ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ഹിന്ദുമത വിശ്വാസികളുടെ പരിപാടികള്‍ ആര്‍എസ്എസ്സിന്റെ പരിപാടിയാക്കാന്‍ ശ്രമം നടക്കുകയാണ്. കൃഷ്ണനെ ബിജെപി നേതാവായി അവരോധിക്കാനാണ് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും നീക്കം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സിപിഐ(എം) വിരുദ്ധ പ്രചാരണമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ മതവിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഓണം മതേതരമായ ആഘോഷമാണെന്നും കോടിയേരി കൂട്ടിചേര്‍ത്തു.