നിലമ്പൂരില്‍ നടന്നത് പോലീസിന്റെ നരനായാട്ട്;പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം

കോഴിക്കോട്:പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം .സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല എന്നു സി.പി.ഐ മുഖപത്രം . നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാവണമെന്നും സംഭവങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ സന്നദ്ധമാവണമെനന്നും ആവശ്യപ്പെട്ടാണ് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ ലേഖനം പുറത്തു വന്നിരിക്കുന്നത് . കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റില്‍ നിന്നും പൊതുജനങ്ങള്‍ അത് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടെന്നും ലേഖനം പറയുന്നു.സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്ടിക്കുന്ന, അതിന് മനുഷ്യജീവന്‍ തന്നെ വിലയായി നല്‍കുന്ന അവസ്ഥ കേരളത്തില്‍ ഒരു കാരണവശാലും സൃഷ്ടിക്കപ്പെടാന്‍ അവസരം നല്‍കിക്കൂട.

ഇന്ത്യയിലും കേരളത്തിലും മാവോവാദിയടക്കം തീവ്രവാദം ശക്തിപ്പെടുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഭരണകൂടത്തിന് കൈകഴുകി ഒഴിഞ്ഞുമാറാനാവില്ല. രാജ്യത്തെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ദുരവസ്ഥയാണ് തീവ്രവാദത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

nilambur-maoist

സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷം പിന്നിടുമ്പോഴും ആദിവാസി ദളിത് ജനവിഭാഗങ്ങള്‍ കടുത്ത അവഗണനയും ജീവിതദുരിതങ്ങളുമാണ് പേറേണ്ടിവരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെയും അതിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ മുതിരുന്നവരെയും ദേശവിരുദ്ധരും ഭീകരവാദികളും മറ്റുമായി ചിത്രീകരിച്ച് നിശബ്ദരാക്കാന്‍ നടക്കുന്ന ശ്രമം ജനാധിപത്യവിരുദ്ധവും ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തതുമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരം കാണുന്നതിന് പകരം അത്തരക്കാരെ നിശബ്ദരാക്കാനും ഉന്മൂലനം ചെയ്യാനും ഭരണകൂടത്തിന്റെ അറിവോടും ഒത്താശയോടും നടക്കുന്ന ശ്രമങ്ങള്‍ അത്യന്തം അപലപനീയമാണ്. ഛത്തിസ്ഗഡിലും ഝാര്‍ഖണ്ഡിലും അത് മാവോവിരുദ്ധ വേട്ടയാണെങ്കില്‍ ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അത് സായുധസേന പ്രത്യേകാവകാശ നിയമത്തിന്റെ പേരിലാണ് (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് എഎഫ്എസ്പിഎ) അരങ്ങേറുന്നത്.

nilambur-1

അത്തരം കാടന്‍ നിയമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ ഈ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നിലമ്പൂരിലെ സംഭവങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ സത്വരം സന്നദ്ധമാവണമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു..

കരുളായി വനമേഖലയില്‍ മാവോവാദികളുടെ താവളത്തില്‍ കഴിഞ്ഞ ദിവസം പൊലീസ്, തണ്ടര്‍ബോള്‍ട്ട്, ഭീകരവിരുദ്ധസേന എന്നിവരുടെ സംയുക്ത സംഘവുമായി ഏറ്റുമുട്ടല്‍ നടന്നുവെന്നുള്ള വാര്‍ത്തയുടെ നിജസ്ഥിതിയെ പറ്റി മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ന്യായമായ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരെ മൃതദേഹങ്ങള്‍ കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെടുകയുണ്ടായില്ല. അത് പൊലീസ് ഭാഷ്യത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു. കാലത്ത് ആറരയ്ക്ക് തന്നെ എല്ലാ തയാറെടുപ്പുകളോടെയും എത്തിയ മാധ്യമസംഘത്തില്‍ ചിലരെ വൈകുന്നേരം നാലുമണിയോടെ വനത്തിലേയ്ക്ക് പോകാന്‍ അനുവദിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തുന്നതില്‍ നിന്ന് തടയുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്.

നിയമം കയ്യിലെടുക്കാനും സായുധകലാപത്തിനും മുതിരുന്നവരെ നിയമാനുസൃതം കര്‍ക്കശമായി നേരിടണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ ഇവിടെ മനുഷ്യാവകാശ ലംഘനം തന്നെ നടന്നുവെന്നും ഛത്തിസ്ഗഡിലും ഝാര്‍ഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണ് നടന്നതെന്നുമുള്ള സംശയം ശക്തമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു

 

Top