
തിരുവന്തപുരം: പുതുമുഖങ്ങള്‍ക്ക് പരിഗണന നല്കി സിപി ഐ മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചു.മുന്‍മന്ത്രിമാരായ ദിവാകരനേയും, രത്നാകരനേയും ഒഴിവാക്കി മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ സിപി ഐയില്‍ വിമത നീക്കങ്ങളും തുടങ്ങി. വി.എസ്.സുനില്‍ കുമാര്‍, ഇ.ചന്ദ്രശേഖരന് കെ.രാജു, പി.തിലോത്തമന് എന്നിവരാണ് സിപിഐ പ്രതിനിധികളായി മന്ത്രിസഭയിലെത്തുക
മുന്‍മന്ത്രിമാരായ സി.ദിവാകരന്,മുല്ലക്കര രത്നാകരന് എന്നിവരെ മന്ത്രിമാരാക്കണമെന്ന വാദം സിപിഐ എക്സിക്യൂട്ടിവില്‍ ശക്തമായി ഉയര്‍ന്നെങ്കിലും ഒടുവില്‍ സിപിഐ കൗണ്‍സില്‍ അംഗീകരിച്ച പട്ടികയില്‍ ഇരുവരുടേയും പേരില്ലായിരുന്നു.
സിപിഐയുടെ നിയമസഭാ കക്ഷിനേതാവായി സി.ദിവാകരനെ തിരഞ്ഞെടുക്കുമെന്ന് കരുതിയെങ്കിലും ഇ.ചന്ദ്രശേഖരനെയാണ് ഈ സ്ഥാനത്തേക്കും കൗണ്‍സില്‍ നിര്‍ദേശിച്ചത്. ചിറയിന്‍കീഴ് എം.എല്‍.എ വി.ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് തീരുമാനം.
ദിവാകരനേയും മുല്ലക്കരയേയും മന്ത്രിമാരക്കണോ എന്ന കാര്യത്തിലൊരു സമവായത്തിലെത്താന്‍ സംസ്ഥാന എക്സിക്യൂട്ടിവിന് സാധിക്കാതെ വന്നതോടെ ഇവര്‍ ആറ് പേരുടേയും പേരുള്‍പ്പെട്ട പാനല്‍ എക്സിക്യൂട്ടീവ് സംസ്ഥാന കൗണ്‍സിലിന് കൈമാറി. ഇതില്‍ നിന്നാണ് മുന്മന്ത്രിമാരെ ഒഴിവാക്കിയുള്ള പട്ടിക കൗണ്‍സില്‍ അംഗീകരിച്ചത്.
അതേസമയം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുല്ലക്കര രത്നാകരനും,സി.ദിവാകരനും എക്സിക്യൂട്ടിവില്‍ പ്രതിഷേധം അറിയിച്ചു. വളരെ വികാരപരമായാണ് ഇരുവരും ഈ തീരുമാനത്തോട് പ്രതികരിച്ചത്. എക്സിക്യൂട്ടീവ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുല്ലക്കര രത്നാകരന് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.