കഴുത, സിംഹം വിവാദത്തില്‍ പരിഷത്ത് നേതാവിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

ആലപ്പുഴ: ഫേസ്ബുക്കില്‍ വിഭാഗീയ പ്രചരണം നടത്തിയെന്ന പേരില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജോസഫിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ആലപ്പുഴ ഏരിയാ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കി. വിവാദ പോസ്റ്റ് ഷെയര്‍ ചെയ്ത ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷിറാസിനെയും പുറത്താക്കാന്‍ ശുപാര്‍ശയുണ്ട്.
എം.പി.പരമേശ്വരനെതിരെ ജി.സുധാകരന്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് ജോസഫ് പോസ്​റ്റ് ഇട്ടത്. സ്വന്തം നാവിന്റെ പിഴ മൂലം ഉണ്ടായ കഴുത, സിംഹം വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കണ്ടെത്തിയ ഉപാധിയാണ് എം.പി.പരമേശ്വരനെതിരായ വിമര്‍ശനമെന്നായിരുന്നു ജോസഫിന്റെ അഭിപ്രായം. ജി.സുധാകരന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവ​റ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജോസഫ്, പിന്നീട് തോമസ് ഐസക് ചേരിയിലേക്ക് മാറുകയായിരുന്നു. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ്. ആലപ്പുഴ നഗരസഭയില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടതിന്റെ പേരില്‍ നഗരത്തിലെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

Top