ന്യൂഡല്‍ഹി : മന്ത്രിക്കസേരയില്‍ നിന്നു പുറത്താക്കപ്പെട്ട ഇപി ജയരാജനെതിരേ പാര്‍ട്ടി തലത്തിലും നടപടികള്‍ക്ക് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആലോചന. കേന്ദ്ര കമ്മിറ്റി അംഗമായ ജയജനെ പരസ്യമായി ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ആലോചന.
എന്നും ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായി നിന്ന ജയരാജന്‍ വിഎസ് പക്ഷത്തിനെതിരേ കടുത്ത നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. അവസരം അത്യാവശ്യ ഘട്ടങ്ങളില്‍ വിഎസ് പക്ഷത്തെ ഉപയോഗപ്പെടുത്തുകയും അല്ലാത്തപ്പോഴെല്ലാം അവരെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന നിലപാടായിരുന്നു ജയരാജന്‍ സ്വീകരിച്ചിരുന്നതെന്നാണ് വിഎസ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ ജയരാജനെതിരേ നടപടി വേണമെന്ന നിലപാടിലാണ് വിഎസ് പക്ഷവും. ഈ അഭിപ്രായം വിഎസ് ഗ്രൂപ്പ് ഇതിനകം തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഎസ് ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന്റെ കൂടി ഫലമാണ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തുറന്നെടുക്കുന്നതില്‍ മിടുക്കനായ ജയരാജനെ പുറത്തു കളയാന്‍ കേന്ദ്ര നേതൃത്വം തയ്യാറായത്.
ജയരാജനെ ഇപ്പോള്‍ തന്നെ ഒതുക്കിയില്ലെങ്കില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കനത്ത ക്ഷീണം ഭാവിയില്‍ ഉണ്ടാകുമെന്നും ശക്തമായ നടപടി തന്ന വേണമെന്നും വിഎസ് വിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. നായനാര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ദേശാഭിമാനി ബോണ്ട് വിഷയം, വിവാദ വ്യവസായിയുമായുള്ള കൂട്ടുകെട്ട് തുടങ്ങി പല വിഷയങ്ങളും വന്നിട്ടും പാര്‍ട്ടി ജയരാജനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇനിയും ഇതു തുടര്‍ന്നാല്‍, പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടികള്‍ ഭാവിയില്‍ ഉണ്ടാകാമെന്നും വിഎസ് പക്ഷക്കാര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
പോളിറ്റ് ബ്യൂറോയിലെ മറ്റൊരു അംഗമായ എംഎ ബേബിയും ഇതേ നിലപാടെടുത്തു. ഇതോടെ വ്യാഴാഴ്ച രാത്രിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ടു മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിളിച്ചു. ജയരാജനെ പുറത്താക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനവും വെള്ളിയാഴ്ച ഉണ്ടാകരുതെന്നും അന്ത്യശാസന രൂപേണ പിണറായിയോടു യെച്ചൂരി പറഞ്ഞു.
ഇതോടെ, പിണറായിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജയരാജനോടു മൃദുസമീപനം വേണ്ടെന്ന നിലപാടിലെത്തുകയായിരുന്നു. ജയരാജന്‍ സര്‍ക്കാരിനെ മാനം കെടുത്തിയെന്ന രോഷം പിണറായിക്കു നേരത്തേ തന്നെയുണ്ടായിരുന്നു. കേന്ദ്രത്തിന്റെ പച്ചക്കൊടി കൂടി ആയതോടെ പിണറായിക്കു കാര്യങ്ങള്‍ എളുപ്പമാവുകയുംചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റിലും ആരും ജയരാജനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമായി. തോമസ് ഐസക്കാണ് അദ്ദേഹത്തിനെതിരായ ആക്രമണത്തിനു തുടക്കമിട്ടത്. പിന്നാലെ, വന്നവരെല്ലാം സ്വരം കടുപ്പിച്ചതോടെ മന്ത്രിസഭയിലെ രണ്ടാമനായ ജയരാജനു നില്‍ക്കള്ളിയില്ലാതായി.
ജയരാജനെ മന്ത്രിക്കസേരയില്‍ നിന്നു പുറത്താക്കുന്നതിലൂടെ, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്ന ശക്തമായ മുന്നറിയിപ്പു കൂടി കൊടുക്കാനായി എന്നതും കേന്ദ്ര നേതൃത്വത്തിനു ആശ്വസിക്കാം. പലപ്പോഴും സംസ്ഥാന ഘടകങ്ങളെ സിപിഎം കേന്ദ്ര നേതൃത്വത്തിനു ശക്തമായി നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഘട്ടങ്ങള്‍ സമീപകാലത്തു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.