സ്വന്തം ലേഖകൻ
തലശ്ശേരി: പിണറായി വിജയൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഇ.പി ജയരാജനെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാനും, കേന്ദ്ര കമ്മിറ്റിയിൽ നിന്നു തരം താഴ്ത്താനും ആലോചന. പ്രതിസ്ഥാനത്തു നിൽക്കുന്ന കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പി.കെ ശ്രീമതിയെ തരം താഴ്ത്താനും മധ്യകേരളത്തിൽ നിന്നുള്ള ഗ്രൂപ്പിന്റെ സഹായത്തോടെ കണ്ണൂർ ലോബിയിലെ ഒരു വിഭാഗം ശ്രമം ആരംഭിച്ചതായി സൂചന. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ഒരു വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും പിൻതുണയുണ്ടെങ്കിലും, പിണറായി വിജയന്റെ വിശ്വാസ്യത നഷ്ടമായ സാഹചര്യത്തിൽ ജയരാജനെതിരെയും ശ്രീമതിയ്‌ക്കെതിരെയും നടപടി ഉറപ്പാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇ.പി ജയരാജനെ വിളിച്ചു വരുത്തി പിണറായി വിജയൻ ശാസിച്ചിട്ടും തന്റെ നിലപാടിൽ നിന്നു വിട്ടുവീഴ്ച ചെയ്യാനും തിരുത്താനും ഇ.പി ജയരാജൻ തയ്യാറായിരുന്നില്ല. ഇതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയതെന്ന നിലപാടാണ് ഇപ്പോൾ പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ച ഇ.പി ജയരാജൻ രാജി വയ്ക്കണമെന്ന നിലപാട് തന്നെയാണ് പിണറായി വിജയനും കണ്ണൂർ ലോബിയിലെ പ്രമുഖ വിഭാഗവും സ്വീകരിച്ചിരിക്കുന്നത്. പി.ജയരാജൻ, എം.വി ജയരാജൻ, ഗോവിന്ദൻ മാസ്റ്റർ എന്നിവരും, യുവജന വിഭാഗത്തിലെ പ്രമുഖ നേതാക്കളും ഈ നിലപാടിനെ പിൻതുണച്ചു പിണറായിക്കൊപ്പം നിൽക്കുകയാണ്.
എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവർ അടക്കമുള്ള മറ്റൊരു വിഭാഗം തെറ്റ് തിരുത്തിയ സാഹചര്യത്തിൽ ജയരാജൻ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് അനൗപചാരികമായി സ്വീകരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
എന്നാൽ, ഇതിനിടെ കലക്കവെള്ളത്തിൽ നിന്നു മീൻ പിടിക്കുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ ലോബി പിണറായി വിജയനെ പിൻതുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ജയരാജൻ രാജി വയ്ക്കുകയല്ലാതെ സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന ശക്തമായ നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇത് കൊടിയേരി വിഭാഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാരിലും പാർട്ടിയിലും മൃഗീയ ഭൂരിപക്ഷമുള്ള പിണറായി വിഭാഗത്തെ മറികടന്ന് പുതിയ നീക്കം നടത്താനുള്ള ശക്തി നിലവിൽ കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കണ്ണൂർ ഗ്രൂപ്പിനില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ, ജയരാജന്റെ പ്രശ്‌നത്തോടെ സിപിഎമ്മിൽ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടിരിക്കുകയാണെന്നാണ് യാഥാർഥ്യം.