തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ പിബി കമ്മിഷന്‍ റിപ്പോര്‍ട്ട് ഞായറാഴ്ച കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. വി.എസ് ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായി പിബി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ദേശീയ നിലപാടിനെ വി.എസ് പലവട്ടം ചോദ്യം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരളത്തിലെ സംഘടന വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ദേശീയ രാഷ്ട്രീയ വിഷയങ്ങളാണ് തിരുവനന്തപുരത്ത് ആരംഭിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. യു.പി അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുളള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ പൊതുമുന്നണിയുണ്ടാക്കണമെന്നാണ് സി.പി.എം നേതൃത്വത്തിന്‍റ നിലപാട്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട തുടര്‍പ്രക്ഷോഭങ്ങളും യോഗം ചര്‍ച്ചചെയ്യും. കേരളത്തിലെ സംഘടന വിഷയങ്ങളും കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പി.ബി യോഗത്തില്‍ ധാരണയായിരുന്നു.
വിഎസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്ക ലംഘന പരാതി പരിശോധിച്ച പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ കേന്ദ്രകമ്മിറ്റിയെടുക്കുന്ന തീരുമാനം സംസ്ഥാന ഘടകത്തിന് നിര്‍ണ്ണായകമാണ്. പരാതികളില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയെങ്കിലും വിഎസിനെതിരെ അച്ചടക്ക നടപടികളിലേക്ക് കേന്ദ്രകമ്മിറ്റി കടക്കില്ലെന്നാണ് സൂചന.
ബന്ധുനിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളും യോഗം പരിശോധിക്കും. അഞ്ചേരി ബേബി വധക്കേസില്‍ കോടതി വിധിവന്നതിന് ശേഷവും എം എം മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെ വിഎസ് നല്‍കിയ പരാതിയും പരിഗണനയില്‍ വന്നേക്കും.