തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സിപിഎം നടത്തുന്ന പ്രചരണയാത്ര സിപിഎം മുന്‍ സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവും ആയ പിണറായി വിജയന്‍ നയിക്കും. ജനുവരി മുതല്‍ ഫെബ്രുവരി 15 വരെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരളത്തില്‍ ഉടനീളമുള്ള പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനും തെരഞ്ഞെടുപ്പിന് സജ്‌ജമാക്കാനും വേണ്ടിയുള്ള യാത്ര.
യാത്രയുടെ പേരും മറ്റ് അംഗങ്ങളേയും സംസ്‌ഥാന സമിതി തീരുമാനിക്കും. നേരത്തേ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ജാഥ നയിക്കും എന്നായിരുന്നു വാര്‍ത്തയെങ്കിലും പിന്നീട് പിണറായിയെ മുന്നിലേക്ക് കൊണ്ടുവരിക ആയിരുന്നെന്നും ഇതിലൂടെ തെരഞ്ഞെടുപ്പില്‍ പിണറായി നയിക്കുമെന്നുള്ള കൃത്യമായ സൂചനയാണ് നല്‍കുന്നതെന്നും വിലയിരുത്തലുണ്ട്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഐഎം ജാഥകള്‍ നടത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിലായിരുന്നു ആ ജാഥകളില്‍ പിണറായി നായകനായത്. സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം നടക്കുന്ന ജാഥയുടെയും നായകനായി പിണറായിയെ തന്നെ നിയോഗിക്കുന്നതിലൂടെ ഭൂരിപക്ഷം ലഭിച്ചാല്‍ പിണറായി മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് നല്‍കുന്നത്. നവകേരള യാത്രയ്ക്കും കേരള രക്ഷായാത്രയ്ക്കും ശേഷം മൂന്നാമത്തെ യാത്രാണ് പിണറായിയുടെ നേതൃത്വത്തില്‍ സിപിഐഎം നടത്താന്‍ പോകുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് യാത്ര.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിച്ചതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസം സിപിഐഎമ്മിന് വര്‍ധിച്ചിട്ടുണ്ട്. 92 വയസ്സ് പിന്നിട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ജനങ്ങളും പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളും ആഗ്രഹിക്കുന്നതനുസരിച്ച് തീരുമാനിക്കുമെന്ന പ്രഖ്യാപിച്ച സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. വിഎസ്സിനും പിണറായിക്കും പകരം തോമസ് ഐസകിനെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് എം പി പരമേശ്വരന്‍ പാര്‍ട്ടിക്കത്തും പുറത്തും മറ്റൊരു സംവാദത്തിനും തുടക്കമിട്ടിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂവെന്ന പതിവ് ഉത്തരത്തിലൂടെയായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും പിണറായി വിജയനും ഇതിനോടെല്ലാം പ്രതികരിച്ചത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്നതായിരിക്കും ജാഥ. ജാഥയിലെ മറ്റ് അംഗങ്ങള്‍ ആരായായിക്കണമെന്നകാര്യം സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് തീരുമാനിക്കുക.
അതേസമയം സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന കമ്മറ്റിയംഗവും എംഎല്‍എയുമായ ജി സുധാകരന്‍ രംഗത്ത്. ഭാവി മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന് ജി സുധാകരന്‍.ഭൂരിപക്ഷം കിട്ടുന്നതിനനുസരിച്ച് ഇടത് പക്ഷം മുഖ്യമന്ത്രിയെ തീരുമാനിക്കും.നൂറ് സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാള്‍ നല്ലത് നൂറ് കഴുതകളെ ഒരു സിംഹം നയിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിഎസ് തന്നെ നയിക്കുമോ എന്ന ചോദ്യം ഉയരുന്നതിനിടയിലാണ് പിണറായിയുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. വി എസിന്റെ പ്രായാധിക്യമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി ഉയര്‍ത്തി കാണിക്കുന്നത്. നേരത്തേ ഇത്തരം ജാഥ നയിച്ചിരുന്നത് സംസ്‌ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആയിരുന്നു. ഈ പതിവ് മാറ്റിയത് പിണറായിയെ ഉയര്‍ത്തി കാണിക്കാന്‍ വേണ്ടിയാണെന്ന തരത്തിലുള്ള വാദങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.