കണ്ണൂര്‍ :ഗുരുദേവനെ കുരിശിലേറ്റിയ സംഭവത്തില്‍ പ്രാദേശിക നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.ഗുരുദേവനെ അവഹേളിച്ച നിശ്ചലദൃശ്യത്തിനെതിരെ വന്‍പ്രതിഷേധം രാജ്യതലസ്ഥാനത്തുവരെ ഉയര്‍ന്നിരിക്കെ, സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ ഖേദം പ്രകടിപ്പിച്ചു. അതേസമയം തലശേരിയില്‍ ഗുരുവിന്റെ പ്രതിമ തകര്‍ത്തതും അതുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതും മറ്റൊരു വിവാദത്തിനു തുടക്കം കുറിച്ചു.
എസ്.എന്‍.ഡി.പി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ എ.കെ.ജി ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥലത്തെത്തിയാലുടന്‍ പ്രശ്‌നം കേന്ദ്ര നേതൃത്വം വിശദമായി ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നും എസ്. രാമചന്ദ്രന്‍ പിള്ള യോഗം ഡല്‍ഹി യൂണിയന്‍ പ്രതിനിധികളെ അറിയിച്ചു.
തലശേരിയില്‍ ഗുരുപ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസുകാരെ അറസ്റ്റ് ചെയ്ത ന്യൂമാഹി പൊലീസ് ഉടന്‍ തന്നെ അവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചതാണ് വിവാദച്ചുഴിയുണ്ടാക്കിയത്. ഇത് പൊലീസും ബി.ജെ.പിയും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം പിണറായി വിജയനും ആരോപിച്ചു.
തലശേരി നങ്ങാറത്ത് പീടികയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ശ്രീമുദ്ര കലാസാംസ്കാരിക നിലയത്തിലെ ഗുരുപ്രതിമ തകര്‍ത്ത കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വൈശാഖ്, റിഗില്‍, പ്രശോഭ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് കൂവോട്ട് ശ്രീകൃഷ്ണജയന്തി നാളില്‍ സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ഗുരുദേവനെ അവഹേളിക്കുന്ന നിശ്ചലദൃശ്യം അരങ്ങേറിയത്. അതിന്റെ പിറ്റേന്ന് പുലര്‍ച്ചെയാണ് ഗുരുപ്രതിമ തകര്‍ക്കപ്പെട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് സാംസ്‌കാരിക നിലയം ആക്രമിക്കപ്പെട്ടെങ്കിലും ഗുരുപ്രതിമ തകര്‍ത്തതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ബി.ജെ.പി ജില്ലാ നേതാക്കള്‍ പറയുന്നത്. പ്രതിമ തകര്‍ത്തത് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്‌ത പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ സി.പി.എം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രതിമ തകര്‍ത്തതിന്റെ ഗൗരവം കണക്കിലെടുത്ത് ആര്‍.എസ്.എസ് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടു. അതിനിടെ, ബാലസംഘം സംഘടിപ്പിച്ച ഓണം ഘോഷയാത്രയില്‍ ഗുരുദേവനെ അപമാനിക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ച സംഘാടകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണീയരെ അകറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിവാദം കൊഴുപ്പിക്കുന്നത് ശ്രീനാരായണീയരെ ബി.ജെ.പിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും രാമചന്ദ്രന്‍ പിള്ള ഡല്‍ഹിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.