ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ കര്‍ണ്ണാടകത്തിനും തമിഴ്‌നാടിനും പിന്നാലെ കേരളവും പിന്തുണ അറിയിച്ചതോടെയാണ് നിരോധനത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ തന്നെ എസ് ഡി പി ഐ യുടെ മാതൃസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാര്‍ഘണ്ഡില്‍ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു.
അതേ സമയം പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്നതില്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ നേരത്തെ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ‘ആശയപരമായിട്ടും സാമൂഹ്യവുമായിട്ടുള്ള എല്ലാ സ്വാധീനങ്ങളും ഇല്ലാതാക്കണം. അതിന് കഴിയുന്ന രീതിയില്‍ സമൂഹത്തിലെ എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളേയും ഏകോപിപ്പിക്കുകയും ഇവരുടെ അക്രമോത്സുകതയും ഇവരുടെ വര്‍ഗീയ അജണ്ടയും നല്ല രീതിയില്‍ തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് വേണ്ടതെന്നാണ് സിപിഎം നേതാവായ കെ ടി കുഞ്ഞിക്കണ്ണന്റെ അഭിപ്രായം. പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ മുഖംമൂടികള്‍ അണിഞ്ഞുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടുന്നത്. അത്തരം പരിസ്ഥിതി, മനുഷ്യാവകാശ പ്രശ്നങ്ങളെയെല്ലാം മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ അവരുടെ പൊളിറ്റിക്കല്‍ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഒരു ഇസ്ലാമിക വ്യവസ്ഥയിലേക്ക് തിരിച്ചുപോകുക എന്നുള്ളതാണ്. ആ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാന്‍ വേണ്ടി സാര്‍വ ദേശീയമായി തന്നെ ഖിലാഫത്ത് രൂപീകരിക്കുകയാണ്.ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ് കേരളത്തിലും ഇന്ത്യയിലുമൊക്കെ പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ പുറത്തുപറയുന്നതല്ല അവരുടെ രാഷ്ട്രീയം, പുറത്തുപറയുന്നതല്ല അവരുടെ പ്രത്യയശാസ്ത്രം. അതിനപ്പുറത്ത് പൊളിറ്റിക്കല്‍ ഇസ്ലാം ആണ്. ലോകത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാം ധാരയുടെ ഏറ്റവും അഗ്രസീവായ ഒരു ഗ്രൂപ്പാണ് ഇന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ടെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ ചൂണ്ടികാട്ടുന്നു’
അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുടെ ചുവട് പിടിച്ചാണ് സംഘടനയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ കേരളവും മൗന സമ്മതം നല്‍കിയതോടെ നടപടികള്‍ വേഗത്തിലായേക്കും. കേരളവും കര്‍ണ്ണാടകയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് കാര്യമായ വേരോട്ടമുള്ളത്. നിരോധിത സംഘനടയായ സിമിയുടെ പഴയ നേതാക്കളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പോപ്പുലര്‍ ഫ്രണ്ട് അടുത്തകാലത്താണ് എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയും രൂപികരിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ ഠേകന്‍പുരില്‍ ചേര്‍ന്ന രാജ്യത്തെ ഡി.ജി.പി.മാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും സാമ്പത്തികസ്രോതസ്സുകള്‍ സംബന്ധിച്ചും തലനാരിഴ കീറിയുള്ള വിശകലനം നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലുണ്ടായത് ഈ യോഗത്തിനു ശേഷമായിരുന്നു.
നിരോധിച്ചിട്ടുള്ള ‘സിമി’യുടെ പല നേതാക്കളുമാണ് സംഘടനയുെട തലപ്പത്തുള്ളതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ഫ്രീഡം പരേഡിനെതിരേ 2012-ല്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘സിമി’ മറ്റൊരു വേഷത്തിലെത്തിയതാണ് പോപ്പുലര്‍ ഫ്രണ്ട് എന്നാണ് അന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാസും നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ അഭിമന്യൂവിന്റെ കൊലപാതകത്തിന് ശേഷം സിപിഎം പോപ്പുലര്‍ ഫ്രണ്ട് നിരോധനകാര്യത്തില്‍ പിന്നോട്ട് പോയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നത്. പോപ്പുലര്‍ ഫ്രണ്ടിനു കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട്, വനിതകളുടെ സംഘടനയായ വുമണ്‍സ് ഫ്രണ്ട് എന്നീ സംഘടനകളുടേയും പ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കും.