മൂന്നാര്‍:മൂന്നാര്‍: സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാറില്‍ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഇത് അംഗീകരിക്കുവാന്‍ സര്‍ക്കാറും കമ്പനികളും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന പി.കെ. ശ്രീമതി എംപിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. എട്ട് ദിവസമായി റോഡില്‍ കിടക്കുന്ന തങ്ങളെ കാണുവാന്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ഇനിയും ആരും വരേണ്ടതില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. കോടിയേരി സമരത്തിനിടയിലേക്ക് കടന്നുവരുമ്പോള്‍ പ്രതിഷേധം ഉണ്ടാകാതിരിക്കുവാനാണ് സിപിഎം വനിത നേതാക്കളെ ആദ്യം തന്നെ സമര സ്ഥലത്തേക്കു കടത്തി വിട്ടത്.പ്രക്ഷോഭത്തിന് സര്‍വപിന്തുണയും സി.പി.എം നല്‍കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കും. ടാറ്റയുടെ ഒപ്പമല്ല തൊഴിലാളികള്‍ക്കൊപ്പമാണ് പാര്‍ട്ടി. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരം കാണുന്നില്ളെങ്കില്‍ ശക്തമായി സമരരംഗത്ത് സി.പി.എം ഇടപെടുമെന്നും കോടിയേരി പറഞ്ഞു.
തൊഴിലാളികളോട് കോടിയേരി സംസാരിച്ച ശേഷം ശ്രീമതിയും സംസാരിച്ചു. 20 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നും കുറഞ്ഞ കൂലി 500 രൂപയാക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.നിരാഹാര സമരം അനുഷ്ഠിക്കുന്ന എസ്. രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ തൊഴിലാളികള്‍ കോടിയേരി എത്തിയ സമയത്തും പ്രതിഷേധം നടത്തി. തങ്ങളെ തീവ്രവാദികളെന്നു വിളിച്ച എംഎല്‍എയുടെ നടപടിയെക്കുറിച്ച് കോടിയേരി വിശദീകരിക്കണമെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ വിവാദ വിഷയങ്ങളിലേക്ക് കടക്കാതെ കോടിയേരി പിന്‍വലിഞ്ഞു.