തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ സ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തനെ സിപിഐഎംല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജയന്തനെ കൂടാതെ ആരോപണ വിധേയനായ ബിനീഷിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ജയന്ത് മുനിസിപ്പല്‍ കൗണ്‍സിലറായി തുടരുമെന്നും വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീയുടെ ഭര്‍ത്താവായ മഹേഷിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളും അന്വേഷിക്കണം. പ്രാഥമിക അന്വേഷണത്തില്‍ കുറ്റം കണ്ടെത്താനായിട്ടില്ല. പരാതി നല്‍കിയ സ്ത്രീ ഒന്‍പത് വര്‍ഷമായി സ്വന്തം കുഞ്ഞിനെ പോലും നോക്കാത്തവരാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
മാധ്യങ്ങളോട് സംസാരിക്കവേ ഇരയായ സ്ത്രീയുടെ പേര് രാധാകൃഷ്ണന്‍ പുറത്തു വിട്ടു. അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് ജയന്തന്റെ പേര് മാത്രം പുറത്ത് വരികയും ഇവരുടെ പേര് വരാതിരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മറുപടി. കുറ്റം ചെയ്തവര്‍ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവാണെങ്കില്‍ പോലും പുറത്താക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഐഎം. എന്നാല്‍ നിരപരാധിയാണെങ്കില്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും പറഞ്ഞു. സമഗ്രാന്വേഷണം നടത്താന്‍ വടക്കാഞ്ചേരി ഏരിയാ കമ്മറ്റിയെ ചുമതലപ്പെടുത്തിയെന്നും രാധാകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.