കൊല്‍ക്കത്ത: സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍ വീണ്ടും പശ്ചിമബംഗാളിലേക്ക്. നാളെ ഭൂസമരം നടക്കുന്ന ഭംഗോര്‍ സന്ദര്‍ശിക്കുമെന്ന് കെ.എന്‍ രാമചന്ദ്രന്‍ അറിയിച്ചു. അതിനിടെ ആര്‍വൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ കേന്ദ്രക്കമ്മിറ്റി അംഗവുമായ ശങ്കര്‍ ദാസിനെ കാണാനില്ലെന്ന് ബംഗാള്‍ സംസ്ഥാനക്കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുച്ചക്ക് 1.50 മുതല്‍ ശങ്കര്‍ ദാസിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് അറിയിച്ചത്. ഭംഗോര്‍ സമരത്തിന്റെ മുന്നണി പോരാളിയായ ശങ്കര്‍ ദാസിനെ പൊലീസ് തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി 22ന് ബംഗോറില്‍ വെടിവെപ്പിനിടെ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാമചന്ദ്രനെ ഭംഗോററിലേക്ക് പോകാന്‍ ബംഗാള്‍ പൊലീസ് അനുവദിച്ചിരുന്നില്ല. കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനിലെത്തിയ രാമചന്ദ്രനെ ബംഗാള്‍ പൊലീസ് രഹസ്യാന്വേഷണം വിഭാഗം പിടികൂടുകയായിരുന്നു. കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.
രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തുന്ന വിവരം പൊലീസ് നിഷേധിച്ചതിനെത്തുടര്‍ന്ന് സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ പ്രവര്‍ത്തകരും കൊല്‍ക്കത്തയിലെയും ബംഗാളിനു പുറത്തുള്ള മലയാളികളും തിരച്ചില്‍ നടത്തി. അടുത്ത ബന്ധുക്കളെപ്പോലും അറിയിക്കാതെ ദീര്‍ഘ നേരം കസ്റ്റഡിയില്‍ വെച്ച ശേഷം പൊലീസ് മകളെ വിളിക്കാന്‍ അനുവാദം നല്‍കിയതോടെയാണ് രാമചന്ദ്രന്‍ പൊലീസ് പിടിയിലാണെന്ന് സ്ഥിരീകരിക്കാനായത്. ബംഗോര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ കെ എന്‍ രാമചന്ദ്രനെ ബലം പ്രയോഗിച്ച് രാജധാനി എക്‌സ്പ്രസില്‍ കയറ്റിവിട്ടു.
പശ്ചിമ ബംഗാളിലെ ഭംഗോറില്‍ ഭൂമി ഒഴിപ്പിക്കലിനിടയില്‍ കര്‍ഷകരും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. മൊഫിഗുള്‍ ഖാനും ആലംഗിര്‍ എന്ന വിദ്യാര്‍ഥിയുമാണ് പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സിംഗൂരിനേയും നന്ദീഗ്രാമിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഘര്‍ഷമാണ് പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ഭംഗോറില്‍ നടക്കുന്നത്.