പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം നിൽക്കെ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി പത്രപരസ്യം നൽകികൊണ്ടാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തെ നേരിടാൻ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ ഒരു പരസ്യം എൽഡിഎഫ് നൽകിയിരിക്കുന്നത്.
അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.
സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട നൽകിയ പരസ്യമാണിത്. പത്ര പരസ്യങ്ങളിൽ വന്ന പല പോസ്റ്റുകളും വ്യാജമാണ്. സിപിഎം കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. രണ്ട് പത്രങ്ങള്‍ മാത്രം ഇതിനായി തെരഞ്ഞെടുത്തത് തന്നെ അതിന്‍റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകും.
മുസ്ലീം സമുദായത്തോടെ ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് പത്രത്തിലാണ് വാർത്ത വന്നിരിക്കുന്നത് .ഇതോടെ മുസ്ലീം വോട്ടുകലുടെ ഏകീകരണം സരിന് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നതെന്നും വ്യക്തമായി. ഇത്തരത്തിലൊരു വര്‍ഗ്ഗീയ അജണ്ടയിലൂടെ വോട്ട് പിടിക്കേണ്ട അനിവാര്യത സിപിഎമ്മിനുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. സാധാരണ ഇടതു പരസ്യങ്ങളെല്ലാം ദേശാഭിമാനിയിലും വരുന്നതാണ്. പക്ഷേ പാലക്കാട്ട് അതും വേണ്ടെന്ന് വച്ചു. ഏതു തരത്തിലും വോട്ട് നേടാനുള്ള സിപിഎം തന്ത്രമായി ഇതിനെ വിലയിരുത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാ പരസ്യമായി ഇത് മാറുകയാണ്.
ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം.കാശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ‘ എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തില്‍ പൌരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവനയും ചിത്രമുള്‍പ്പടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തില്‍ ചോദിക്കുന്നു.
അതേസമയം, സന്ദീപിന്‍റെ പോസ്റ്റുകള്‍ തന്നെയാണ് പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സന്ദീപ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പരസ്യത്തിലുള്ളത്. തെറ്റായ കാര്യങ്ങൾ സിപിഎം പറഞ്ഞിട്ടില്ല. സിപിഎം വിദ്വേഷ പ്രചാരണം നടത്തുന്നില്ല. സന്ദീപിന്‍റെ മുൻകാല പോസ്റ്റുകള്‍ അല്ല അതെന്ന് സന്ദീപ് തെളിയിക്കട്ടെയന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു. പരസ്യത്തെ മറ്റൊരു നിലയിലേക്ക് തിരിച്ചുവിടുന്നത് നീച ബുദ്ധിയാണ്. ആര്‍എസ്എസ് വിട്ടുപോകില്ലെന്ന് സന്ദീപ് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. സന്ദീപ് പറഞ്ഞ കാര്യം മാത്രമാണ് അതിലുള്ളത്.
ഞങ്ങള്‍ എന്ത് പരസ്യം കൊടുക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. ഏത് ഉള്ളടക്കം ഏത് പത്രത്തിന് കൊടുക്കണമെന്ന് സിപിഎം തീരുമാനിക്കും. സന്ദീപിനെ സ്വീകരിച്ചപ്പോള്‍ ആർക്കാണ് ഷാൾ ഇട്ടതെന്ന് കെ. സുധാകരന് മനസിലായിട്ടില്ല.സന്ദീപിനാണോ ഷാൾ ഇട്ടത് എന്ന് സുധാകരന് മനസിലായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കാണിച്ച് തരാമെന്നാണ് കോൺഗ്രസിൽ ചിലർ ഉള്ളിൽ പറയുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ സരിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യത്തിലാണ് സന്ദീപ് വാര്യരുടെ മുൻകാല ഫേയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോച്ച് ചേര്‍ത്തുകൊണ്ട് സിപിഎം പരസ്യം നൽകിയത്.
സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്നത് വസ്തുതയാണെന്ന് ഡോ. പി സരിൻ പ്രതികരിച്ചു. വിമർശനം ആർക്കും ഉന്നയിക്കാം, പക്ഷെ സത്യം ജനങ്ങൾക്ക് മനസിലാവും. സന്ദീപിനെതിരായ പത്ര പരസ്യം വ്യക്തിപരമല്ലെന്നും വാര്‍ത്തകളെല്ലാം വാസ്തവമാണെന്നും. പി.സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, പത്ര പരസ്യത്തിൽ സന്ദീപിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി രംഗത്തെത്തി. വ്യാജ പരസ്യങ്ങളിൽ വീഴുന്നവർ അല്ല പാലക്കാട്ടെ വോട്ടർമാരെന്നും ജനം പുച്ഛിച്ചു തള്ളുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. സന്ദീപ് ആർഎസ്എസ് പശ്ചാത്തലം ഉള്ള ആൾ എന്ന് അറിയാത്തവർ ആരാണുള്ളത്. സന്ദീപ് കൊലക്കേസ് പ്രതിയല്ല. ഒകെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുകയാണ്. സിപിഎമ്മും ബിജെപിയും ഉയർത്തികൊണ്ട് വന്ന വിവാദങ്ങൾ നീർ കുമിള പോലെ പൊട്ടി പോയി.
വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടർമാരാണ് പാലക്കാട്. അവസാനത്തെ ബോംബ് സ്വന്തം പാളയത്തിൽ പൊട്ടി ആളപായമുണ്ടാകുമെന്നല്ലാതെ യുഡിഎഫിനെ ഒരു പോറൽ പോലും ഏല്പിനാകില്ല. സന്ദീപിന്‍റെ നിലപാട് എല്ലാവർക്കും അറിയാം. സന്ദീപ് രഹസ്യമായി തലയിൽ മുണ്ടിട്ടു വന്നതല്ല. സീറ്റ് കിട്ടാത്തതിന് തലയിൽ മുണ്ടിട്ടു പോയ സരിനെ പോലെയല്ല സന്ദീപ് വന്നത്. സീറ്റ് കിട്ടാതെ പിണങ്ങി പോന്നതല്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് വന്നതാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിദ്വേഷം പരത്തുകയാണെങ്കിൽ വലിയ വില ബിജെപിയും സിപിഎമ്മും പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ നൽകേണ്ടി വരുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.
രണ്ടു മുന്നണികളും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് വോട്ട് കൈക്കലാക്കാനുള്ള ശ്രമത്തിലാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭാഗീയതയുണ്ടാക്കി വോട്ടുപിക്കുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതോടെ യുഡിഎഫ് അപകടത്തിലായി. വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തലയിൽ വച്ചിരിക്കുന്ന അവസ്ഥയിലായെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.