പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: ആർഎസ്എസിന്റെ കായിക പരിശീലനവും ആയുധ പരിശീലവും ക്ഷേത്ര മതിക്കെട്ടിനു പുറത്തെത്തിക്കാൻ സിപിഎം. കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്നു ആർഎസ്എസിനെ പുറത്താക്കുന്നതിന്റെ ഭാഗമായി ബാലപീഡന നിയമവും കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന വകുപ്പും ആർഎസ്എസിനെതിരെ ചുമത്തുന്നതിനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാന ഇന്റലിജൻസിനു ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴയിലും, തൃശൂരിലും ആർഎസ്എസ് നേതൃത്വത്തിൽ നടന്ന കൊലപാതകങ്ങളിൽ പതിനെട്ട് വയസു തികയാത്ത നാലു കുട്ടികൾ പ്രതിയായിരുന്നു. കൊലപാതകത്തിലും കൊലപാതക ആസൂത്രണത്തിലും ആർഎസ്എസ് പ്രവർത്തകരും,കുട്ടികളുമാണ് പ്രതികളായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസിനെതിരെ തുടർ നടപടികൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ക്ഷേത്രങ്ങളിൽ നിന്നു പെട്ടന്ന് ആർഎസ്എസിനെ പുറത്താക്കാൻ സാധിക്കില്ല. അങ്ങിനെയെങ്കിൽ മുസ്ലീം പള്ളികളും, ക്രൈസ്ത ആരാധനലായങ്ങളും കേന്ദ്രീകരിച്ചുള്ള എല്ലാവിധ സംഘടനാ പ്രവർത്തനവും നിരോധിക്കാൻ ആർഎസ്എസും – ബിജെപിയും രംഗത്തിറങ്ങും.
ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ആർഎസ്എസിനെ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നിന്നു പുറത്താക്കാൻ സിപിഎമ്മും പിണറായി സർക്കാരും തയ്യാറെടുക്കുന്നതും. ആവേശത്തോടെ ചാടിക്കയറി നടപടി എടുക്കുന്നതിനു പകരം കൃത്യമായ പഠനവും ആസൂത്രണവും നടത്തിയ ശേഷം ആർഎസ്എസിനെ ക്ഷേത്രങ്ങളിൽ നിന്നു പുറത്താക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കുന്നു, കുട്ടികളെ പീഡിപ്പിക്കുന്നു തുടങ്ങിയ വകുപ്പുകൾ കൂടി ആർഎസ്എസിനെതിരെ ചുമത്തുന്നതിനാണ് ഇപ്പോൾ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്.