തൃശൂര്‍: നവകേരള മാര്‍ച്ചിന്റെ വേദിയില്‍ സിപിഎമ്മിന്റെ ഖര്‍വാപ്‌സി. സിപിഎമ്മില്‍ നിന്നു പിണങ്ങിപ്പോയവരെ എല്ലാ വേദിയിലും എത്തിക്കാന്‍ നിര്‍ദേശം നല്‍കിയ പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ തൃശൂരില്‍ സിപിഎം നേതാക്കള്‍ മുന്‍ നിരയില്‍ ബിജെപി കൗണ്‍സിലറെ എത്തിച്ചത്. സിപിഎമ്മിന്റെ പുതുയുഗ പിറവി എന്നാണ് ഇതിനെ തൃശൂരിലെ നേതാക്കള്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്.
ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുടയിലെത്തിയ നവകേരള മാര്‍ച്ചിലാണ് ബിജെപിയുടെ മുന്‍ കൗണ്‍സിലര്‍ രാജി സുരേഷ് പങ്കെടുത്തത്. സ്വീകരണ സമ്മേളനത്തിന്റെ മുന്‍ നിരയിലാണ് രാജി സുരേഷ് ഇരുന്നിരുന്നത്. കുറച്ചു നാളുകളായി ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി രാജി സുരേഷ് സിപിഎം പരിപാടികളില്‍ പങ്കെടുത്തത് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചീട്ടുണ്ട്.
നഗരസഭയില്‍ കഴിഞ്ഞ കൗണ്‍സിലില്‍ ആദ്യമായി ബിജെപി അകൗണ്ട് തുറന്നപ്പോള്‍ ബിജെപി കൗണ്‍സിലറായിരുന്നു രാജി. ഇത്തവണ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ സിറ്റിംഗ് വാര്‍ഡില്‍ മല്‍സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബിജെപി ഔഗ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കിയതോടെ പാര്‍ട്ടിയിലെ എല്ലാം സ്ഥാനങ്ങളും രാജി സുരേഷ് രാജിവച്ച് ഒഴി ഞ്ഞിരുന്നു. രാജി സുരേഷിന് പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ടൗണ്‍ കമ്മിറ്റിയില്‍ നിന്നും പലരും രാജി നല്‍കിയിരുന്നു.
പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ അസ്വഭാവികത ഇല്ലെന്ന് രാജി സുരേഷ് പറഞ്ഞു. സിപിഎം നേതൃത്വം ക്ഷണിച്ചതിനാലാണ് പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ പോയത്. സമ്മേളനം തുടങ്ങും മുമ്പേ സ്വീകരണ സ്ഥലത്ത് എത്തി നേതാക്കളുടെ പ്രസംഗവും മറ്റു പരിപാടികള്‍ കഴിഞ്ഞതിനു ശേഷമാണ് മടങ്ങിയത്. സിപിഎം നേതൃത്വവുമായി നല്ല സൗഹൃദമാണ് ഇപ്പോഴും മുമ്പും ഉള്ളതെന്ന് രാജി പറഞ്ഞു. കുറച്ചു നാളായി ബിജെപിയുടെ നേതൃത്വം തന്നെ പരിപാടികളൊന്നും അറിയിക്കാറില്ല. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മാര്‍ച്ചിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി നേതൃത്വം ക്ഷണിക്കാത്തതിനാലാണെന്നും രാജി സുരേഷ് വ്യക്തമാക്കി.
എന്നാല്‍ രാജി സുരേഷ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുത്തത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിപിഎമ്മിലേക്കുള്ള തന്റെ പ്രവേശനത്തെകുറിച്ചോ, രാഷ്ട്രീയ നിലപാടുകളെ കുറിച്ചോ രാജി സുരേഷ് വ്യക്തമാക്കിയില്ലെങ്കിലും നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന രാജിയുടെ തീരുമാനം നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ അടിയൊഴുക്കുകള്‍ക്കും അണികളുടെ കൊഴിഞ്ഞു പോക്കിനും സാധ്യതയുണ്ടെന്നാണ് അണിയറയിലെ സംസാരം.