കൊല്‍ക്കത്ത: ഇടതുപക്ഷം ബംഗാളില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സിംഗൂരിലെയും നന്ദിഗ്രാമിലെയും ഉപേക്ഷിക്കപ്പെട്ട വ്യവസായ പദ്ധതികള്‍ തിരിച്ചെത്തിക്കുമെന്ന് സി.പി.ഐ.എം അംഗവും ബംഗാളിലെ പ്രതിപക്ഷനേതാവുമായ സൂര്യകാന്ത മിശ്രയുടെ വാഗ്ദാനം. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇടതു സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനായിരിക്കുമെന്നും മിശ്ര വ്യക്തമാക്കി.
‘ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത സിംഗൂരിലെ കര്‍ഷകര്‍ക്ക് ഭൂമി പെട്ടെന്ന് തിരിച്ചുകൊടുക്കുന്നതിനായി ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകമാത്രമായിരുന്നു തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ചെയ്തത്. പക്ഷേ ഇതുവരെ ഒന്നും ചെയ്തില്ല.’ മിശ്ര ആരോപിച്ചു.
ബംഗാളില്‍ സി.പി.ഐ.എം സെക്രട്ടറിയായ മിശ്രയായിരിക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുളള പ്രചരണം നയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
2011ല്‍ സിംഗൂരില്‍ ടാറ്റയുടെ നാനോ പദ്ധതിക്കായുള്ള വിവാദ ഭൂമി ഏറ്റെടുക്കലും കര്‍ഷകരുടെ കുടിയൊഴിപ്പിക്കലും ബംഗാളില്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിനെ വിവാദത്തിലെത്തിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഭൂമി തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണം അഴിച്ചു വിട്ടതും തുടര്‍ന്ന് അധികാരമേറിയതും.
തൃണമൂല്‍ സര്‍ക്കാര്‍ വ്യവസായ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഇന്ന് ബംഗാളിലെ സി.പി.ഐ.എം നേതാക്കളായ ബുദ്ധദേവ് ഭട്ടാചാര്യ, ബിമന്‍ ബോസ്, മുഹമ്മദ് സലിം എന്നിവര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് വ്യവസായ രംഗമോ യുവാക്കള്‍ക്ക് തൊഴിലോ ഇല്ലെന്ന് മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ ഫെസ്റ്റിവെലുകള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.