സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ തവണ ജോസ് കെ.മാണി യുഡിഎഫ് പാളയത്തിൽ എത്തിച്ച കോട്ടയം പാർലമെന്റ് മണ്ഡലം തിരികെ പിടിക്കാൻ അരയും തലയും മുറുക്കി സിപിഎം രംഗത്തിറങ്ങുന്നു. ജനതാദള്ളിനു നൽകിയ കോട്ടയം സീറ്റ് തിരികെ സിപിഎം ഏറ്റെടുക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലും, ഇടതു മുന്നണി ജില്ലാ തല യോഗത്തിലും ഈ ആവശ്യം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസിന്റെ സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിലാണ് ഈ ആവശ്യം സിപിഎം നേതാക്കൾ തന്നെ ഉയർത്തിയത്. വർഷങ്ങളായി സിപിഎം മത്സരിച്ചിരുന്ന സീറ്റ് പ്രത്യേക സാഹചര്യത്തിൽ ജനതാദളിനു നൽകുകയും, മാത്യു ടി തോമസിനെ മത്സരിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിൽ കോട്ടയം സീറ്റിൽ കൂടുതൽ ക്ലെയിം വയ്ക്കാൻ ജനതാദൾ ഇക്കുറി തയ്യാറാകില്ലൈന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇതിനിടെ സീറ്റ് ലഭിക്കും മുൻപ് തന്നെ സിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ജില്ലാ സെക്രട്ടറിയും ജനകീയനുമായ വി.എൻ വാസവന്റെ പേരിന് തന്നെയാണ് ഇക്കുറി പ്രഥമ പരിഗണന നൽകുന്നത്. ഇടഞ്ഞ് നിൽക്കുന്ന കേരള കോൺഗ്രസ് – കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീഴത്താൻ ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ ജനകീയ മുഖവുമായ വാസവന് കഴിയുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ, ക്രൈസ്തവ സഭയ്ക്ക് മുൻതൂക്കമുള്ള കോട്ടയത്ത് രണ്ട് സ്ഥാനാർത്ഥികളും ക്രൈസ്തവ സഭയിൽ നിന്നുള്ളവരായാൽ ഹിന്ദു വോട്ട് ഏകീകരിച്ച് വിജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
ക്രൈസ്തവ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാനായി രണ്ട് ക്രൈസ്ത സ്ഥാനാർത്ഥികളുടെ പേരും സിപിഎമ്മിന്റെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസിന്റെയും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസിന്റെയും പേരുകൾക്ക് പ്രഥമ പരിഗണന ലഭിക്കുന്നുണ്ട്. ഇതു കൂടാതെ മുൻ എം.പിയും ഏറ്റുമാനൂർ എം.എൽഎയുമായ സുരേഷ് കുറുപ്പിന്റെയും, വൈക്കം നഗരസഭ അദ്ധ്യക്ഷനായിരുന്ന പി.ജെ ഹരികുമാറിന്റെ പേരും സജീവ പരിഗണനയിൽ ഉണ്ട്.
ജോസ് കെ.മാണി ആറു മാസം മുൻപ് എം.പി സ്ഥാനം ഉപേക്ഷിച്ച് രാജ്യസഭയിലേയ്ക്ക് മത്സരിക്കാൻ പോയത് പ്രചാരണായുധമാക്കാൻ ഉറച്ചാണ് സിപിഎം തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുന്നത്. ഇത് ഗുണം ചെയ്യുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നതും. ക്രൈസ്തവ സഭയ്ക്കുള്ളിൽ ബിഷപ്പ് ഫ്രാങ്കോ വിഷയത്തിലുണ്ടായിരിക്കുന്ന വിളളൽ തങ്ങൾക്ക് അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.