തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് അതിക്രമത്തെ ന്യായികരിച്ച് സിപിഎമ്മും. നേരത്ത മുന്നണിക്കുള്ളില്‍ നടപടിയെ എതിര്‍ത്തിരുന്നെങ്കിലും മുഖ്യമന്ത്രിയും ന്യായികരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സിപിഎമ്മും നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംഘര്‍ഷം യാദൃശ്ചികമല്ല. ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചു. പൊലീസ് പെരുമാറിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായിട്ടാണ്. ഡിജിപിയെ കാണാന്‍ അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ ബന്ധുക്കള്‍ സന്നദ്ധരായില്ല. കൂടെയുണ്ടായിരുന്ന ചിലര്‍ പ്രകോപനം സൃഷ്ടിച്ചു. മര്‍ദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കും. ബിജെപി, കോണ്‍ഗ്രസ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും സിപിഎം നേതൃത്വം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരംപടര്‍ത്താന്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ യജ്ഞമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സ് മുന്നണിയും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്. അതിന് പശ്ചാത്തലമൊരുക്കി ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡിജിപി ഓഫിസിന് മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രധാനനേതാക്കള്‍ സമരത്തിന് ചുക്കാന്‍പിടിച്ച് പരിസരങ്ങളിലുണ്ടായിരുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളല്ലാത്ത ഒരു കൂട്ടവും സമരക്കാര്‍ക്കൊപ്പം അണിനിരന്നതിന് പുറമേയാണ് ഇത്. അനിശ്ചിതകാല സമരം നടത്തുകയാണെന്ന പ്രഖ്യാപനത്തോടെ ഡിജിപി ഓഫീസിന് മുന്നിലെത്തിയ ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ കാണാന്‍ അനുമതി ചോദിക്കുകയും, ഡിജിപി അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അനുമതി നല്‍കിയ ആറ് പേരെ അകത്തേയ്ക്ക് പോകാന്‍ അനുവദിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധമാകാത്ത നിലപാട് സ്വീകരിച്ചു. കൂടുതല്‍പേരെ അവര്‍ക്കൊപ്പം കടത്തിവിട്ടാല്‍ മാത്രമേ തങ്ങള്‍ പോകുകയുള്ളൂ എന്ന നിലപാടാണ് സ്വീകരിച്ചത്.
കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ പ്രകോപനം സൃഷ്ടിച്ച് പൊലീസിനെതിരെ തിരിഞ്ഞു. എന്നിട്ടും തികഞ്ഞ അനുഭാവത്തോടെയും ഇരകളോടൊപ്പമാണ് പൊലീസ് നില്‍ക്കേണ്ടതെന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തിന് അനുസൃതമായുമായാണ് പൊലീസ് പെരുമാറിയത് എന്നാണ് ഇതുവരെ ലഭ്യമായ മാധ്യമ ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അവരെ നീക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍ കിടക്കുകയും അപ്പോള്‍ വനിതാപൊലീസ് കൈകൊടുത്ത് പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജിഷ്ണുവിന്റെ അമ്മയെ ചവിട്ടുകയോ, മര്‍ദ്ദിക്കുകയോ ചെയ്യുന്നതായോ, അതിക്രമങ്ങള്‍ കാട്ടിയതായോ ഇതുവരെ ഒരു മാധ്യമദൃശ്യത്തിലും കാണുന്നില്ല. എന്നാല്‍ ഇതേപ്പറ്റി ജിഷ്ണുവിന്റെ അമ്മ പരാതി ഉന്നയിച്ചിരിക്കുന്നതിനാല്‍ അക്കാര്യം നിഷ്പക്ഷമായി അന്വേഷിച്ച് ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
കോളേജ് ഉടമ കൃഷ്ണദാസും പ്രതികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് കുടുംബത്തില്‍പെട്ടവരാണ്. കോണ്‍ഗ്രസ് നേതാവായ മുന്‍മന്ത്രിയുടെ മകനെയാണ് ഈ കേസില്‍ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതികളെല്ലാം കോണ്‍ഗ്രസ് നേതാക്കളുടെ അടുത്ത ബന്ധുക്കളോ ചങ്ങാത്തത്തിലുള്ളവരോ ആണ്. ബിജെപിയുടെ ചില നേതാക്കളും കൃഷ്ണദാസിന് സഹായം ചെയ്തുകൊടുക്കുന്ന കൂട്ടത്തിലുണ്ടെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മയ്ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ്ബിജെപി നേതാക്കളുടെ സംരക്ഷണത്തിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നതെന്നും അവരെ നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യേണ്ടതെന്നും സിപിഎം ആരോപിച്ചു. ഒരുവശത്ത് പ്രതികളെ പിടിച്ചില്ലെന്ന് പറഞ്ഞ് വികാരമിളക്കിവിടുകയും മറുവശത്ത് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടതാപ്പാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്.
സ്വാശ്രയമാനേജുമെന്റുകളുടെ വഴിവിട്ട പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികളാണ് ജിഷ്ണുസംഭവത്തെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ്. ദിനേശന്‍ കമ്മിഷനെ നിയോഗിക്കുകയും അതിന്റെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമായി നല്‍കാന്‍ സംഭവത്തിന് തൊട്ട്പിന്നാലെ മന്ത്രിസഭ തീരുമാനിക്കുകയും, മന്ത്രി ടി.പി.രാമകൃഷ്ണന്‍ വീട്ടിലെത്തി തുക കൈമാറുകയും ചെയ്തു.
അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ജിഷ്ണുവിന്റെ കുടുംബം ഇതുവരെ പരാതി പറഞ്ഞിരുന്നില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യം മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ നടപ്പാക്കികൊടുത്തു. ഇനി അറസ്റ്റുചെയ്യാനുള്ളത് മൂന്നു പേരെയാണ്. ഇവരുടെ സ്വത്ത് കണ്ടെത്താനുള്ള അപേക്ഷ കോടതിയുടെ മുന്നിലാണ്. ഒളിവില്‍ കഴിയുന്ന ഇവര്‍ ഏത് മാളത്തിലൊളിച്ചാലും അവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വികാരത്തെ മാനിക്കുകയും അവരോടുള്ള കരുതല്‍ എപ്പോഴും സര്‍ക്കാര്‍ പാലിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതികിട്ടാന്‍ സാദ്ധ്യമാകുന്ന എല്ലാ നടപടികളും സിപിഎം സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.