തൃശൂര്‍: സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇടതു സംഘടകള്‍ പ്രചരണങ്ങള്‍ ശക്തമാക്കിയിരിക്കേ ആര് എസ് എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ തന്നെ എത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കി.
ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ അരുണ്‍ മാസ്റ്ററാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് പാര്‍ട്ടിയെ നാണം കെടുത്തിയത്.
ആര്.എസ്.എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം പാര്‍ട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്ത നടപടി സിപിഎം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്.
എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് ജില്ലയിലെ സിപിഎമ്മിനകത്തെ പൊതുവികാരം.രാത്രി ആര്.എസ്.എസും പകല്‍ കോണ്‍ഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎം, പകല്‍ തന്നെ ആര്‍എസ്എസ് ആയത് കണ്ടില്ലേയെന്ന്’ ചോദിച്ച് കോണ്‍ഗ്രസ്സുകാരും രംഗത്തിറങ്ങി കഴിഞ്ഞു.
നേരത്തെ ലീഗ് വനിതാ നേതാവ് ഖമറുനിസാ ബി ജെ പി വേദിയിലെത്തിയത് ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു.
ഖമറുന്നീസ ബി.ജെ.പി വേദിയിലെത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനെ തോല്‍പ്പിച്ചാണ് അരുണന്‍മാസ്റ്റര്‍ ഇരിങ്ങാലക്കുട ഇടതുമുന്നിയ്ക്കുവേണ്ടി തിരിച്ചുപിടിച്ചത്.