ന്യൂഡല്‍ഹി: ആഡംബര ജീവിതം നയിച്ചുവെന്ന പരാതിയില്‍ പാര്‍ലമെന്റംഗത്തെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ സി.പി.എം തീരുമാനം.
സി.പി.എം ബംഗാള്‍ ഘടകം നേതാവും രാജ്യസഭാ അംഗവുമായ ഋതബ്രത ബാനര്‍ജിയെയാണ് പാര്‍ട്ടിയില്‍ നിന്നും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. വിലകൂടിയ മൊബൈല്‍ ഫോണുകളും വാച്ചുകളും ഉപയോഗിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ പരാതി.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ബംഗാള്‍ ഘടകം സെക്രട്ടറിയുമായ സൂര്യകാന്ത മിശ്രയാണ് തീരുമാനം അറിയിച്ചത്. ബാനര്‍ജിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കമ്മിറ്റി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടിയില്‍ നിന്നും പുറത്തു നില്‍ക്കുവാന്‍ ബാനര്‍ജിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടി തീരുമാനത്തെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബാനര്‍ജിയുടെ പ്രതികരണം.