സ്വന്തം ലേഖകൻ
ആശയ സമരത്തെത്തുടർന്നുള്ള വിഭാഗീയത കെട്ടടങ്ങിയ സി.പി.എമ്മിൽ ബന്ധു നിയമന വിവാദം ഗ്രൂപ്പ് ധ്രുവീകരണത്തിനു കളമൊരുക്കുന്നു. പാർട്ടിയുടെ കരുത്തായി വിലയിരുത്തപ്പെട്ട കണ്ണൂർ ലോബിക്കുള്ളിലാണ് അസ്വാരസ്യങ്ങൾ പുകയുന്നത്. കണ്ണൂർ ലോബിയിൽ കുറച്ചുകാലമായി നിലനിൽക്കുന്ന ശീതസമരം നിയമന വിവാദത്തോടെ പുതിയ തലത്തിലേക്കു നീങ്ങി.
പത്തു വർഷം മുൻപ് മരുമകൾക്കു നിയമനം നൽകിയതിലേക്ക് പാർട്ടിയെയും അന്നത്തെ സെക്രട്ടറി പിണറായി വിജയനെയും വലിച്ചിഴച്ച പി.കെ. ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയുടെ ബന്ധുവിനു ലഭിച്ച ഉയർത്തിക്കൊണ്ടുവന്നതിലും ഈ ഗ്രൂപ്പ് ധ്രുവീകരണത്തിനു പങ്കുണ്ട്. ശ്രീമതിയുടെ മരുമകളുടെ നിയമനം താൻ അറിഞ്ഞിട്ടില്ലെന്നും മക്കൾ നിയമനം ഗൗരവമായി കാണുന്നുവെന്നും പാർട്ടി വേദികളിൽ ഇക്കാര്യം ചർച്ച ചെയ്ുയമെന്നും മുഖ്യമന്ത്രി തുറന്നടിച്ചത് കണ്ണൂരിലെ വിഭിന്ന സ്വരം മറനീക്കിയതിന്റെ ഭാഗമാണ്.
പി. ശശി സംഭവം മുതൽ സാന്റിയാഗോ മാർട്ടിൻ വരെ എണ്ണിയാലെടുങ്ങാത്ത വിഷയങ്ങളാണ് ഈ സാഹചര്യത്തിൽ കണ്ണൂർ പാർട്ടിയിൽ വീണ്ടും ചർച്ചയാകുന്നത്. പാർട്ടിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ഇ.പി. ജയരാജനും പാർട്ടിഘടകങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കുന്നുണ്ട്. നിയമന വിവാദത്തിൽ ഇ.പി. ജയരാജനെതിരേ പാർട്ടിയിൽ നിന്നു തന്നെ ഉയർന്ന ശക്തമായ വിമർശനം സൂചിപ്പിക്കുന്നത് അതാണ്. അച്ചടക്കലംഘനമെന്നു സാധാരണയായി വിലയിരുത്തപ്പെടുന്ന തരത്തിലാണ് പലകോണുകളിൽ നിന്നും വിമർശനമുയർന്നത്. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കുടുംബചിത്രവും മക്കളുടെ പാർട്ടി പാരമ്പര്യവും പരാമർശിച്ച് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന തരത്തിലുള്ള ആവശ്യങ്ങളാണ് സൈബർ സഖാക്കൾ ഉന്നയിക്കുന്നത്.
ഗ്രൂപ്പു സമവാക്യങ്ങളിൽ അപ്രതീക്ഷിത ധ്രുവീകരണങ്ങൾ ഉണ്ടായത് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയതിനൊപ്പമാണ് സൈബർ സഖാക്കൾ നടത്തുന്ന ചർച്ചകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഇ.പി. ജയരാജനെ പിണറായി ശാസിച്ചതായുള്ള വാർത്തകൾ പ്രചരിപ്പിച്ച് മുഖ്യമന്ത്രിയെ പാർട്ടിക്കു മുകളിൽ അതിശക്തനായി അവതരിപ്പിക്കുന്നതും കണ്ണൂരിലെ ഗ്രൂപ്പ് ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്. സാധാരണ ഇടതുഭരണകാലത്തിൽ നിന്നു വ്യത്യസ്തമായി പാർട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധികാരകേന്ദ്രത്തിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് ചർച്ചയാകുന്നുണ്ട്.
നിയമന വിവാദത്തിൽ കണ്ണൂർ ജില്ലാ നേതൃത്വം ഇ.പി. ജയരാജനെയും ശ്രീമതിയെയും കൈയൊഴിഞ്ഞിരിക്കുകയാണ്. പഴ്‌സനൽ സ്റ്റാഫ് മുതലുള്ള എല്ലാ നിയമനങ്ങളിലും മേൽനോട്ടം വഹിക്കാൻ ജില്ലാ കമ്മിറ്റി നിയോഗിച്ച സമിതിയുടെ നിർദേശപ്രകാരമാണ് ജോലിക്കായുള്ള പേരുകൾ വ്യവസായ വകുപ്പിനു കൈമാറിയത്. എന്നാൽ, ശ്രീമതിയുടെ മകന്റെ കാര്യത്തിൽ നിയമപരമായ സാധുത പോലും നോക്കാതെയാണ് നിയമന ഉത്തരവ് നൽകിയതെന്നാണ് പാർട്ടിയുടെ നിലപാട്. ഇക്കാര്യം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു നേതാക്കളുടെ ബന്ധുനിയമനങ്ങൾ വെളിച്ചത്തു വന്നത്.
പി. ശശിക്കെതിരായ പടയൊരുക്കത്തിലാണ് കണ്ണൂർ പാർട്ടിയിൽ ശീതയുദ്ധം തുടങ്ങിയത്. പിണറായി വിജയനൊപ്പം ഔദ്യോഗിക പക്ഷത്ത് ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂർ നേതാക്കൾ പി. ശശിക്കെതിരേ ഉയർന്ന ആരോപണങ്ങളോടെ പലവഴി പിരിഞ്ഞു. ഇ.പി. ജയരാജന്റെ വിശ്വസ്തനായ ഡി.വൈ.എഫ്.ഐ. നേതാവാണ് പി.ശശിക്കെതിരായി പരാതി ഉന്നയിച്ചിരുന്നത്. ഇതിനു പിന്നിൽ സമ്മർദമുണ്ടെന്ന വാദം അന്നേ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ശശിയെ സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിരോധിക്കാൻ മുൻപന്തിയിലുണ്ടായിരുന്നതു ചില കണ്ണൂർ നേതാക്കളായിരുന്നു. ഇതേ തുടർന്ന് വി.എസ് പിണറായി വിഭാഗീയതയുടെ കാലയളവിൽ കണ്ണൂരിൽ നിന്നു ചില ഘട്ടങ്ങളിൽ വി.എസിന് അപ്രതീക്ഷിതമായ പിന്തുണയാണ് ലഭിച്ചത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും ഉൾപ്പെടുന്ന നേതാക്കൾ കമ്മിറ്റികളിൽ വി.എസിന് അനുകൂലമായ നിലപാടു സ്വീകരിച്ചിരുന്നു.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർക്കെതിരേ ജില്ലാസെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ള ഒരുവിഭാഗം നേതാക്കൾ ശക്തമായി രംഗത്തുവന്നതിനു പിന്നിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വമടക്കമുള്ള വിഷയങ്ങളുമുണ്ട്. ഇ.പി. ജയരാജനെ സമ്മർദത്തെത്തുടർന്നാണ് പി.കെ. ശ്രീമതിയെ കണ്ണൂരിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇത് കണ്ണൂരിലെ ഒരു വിഭാഗം നേതാക്കളുടെ നീരസത്തിനിടയാക്കിയിരുന്നു.
പിണറായി വിജയന്റെ അടുത്തയാളെന്ന് വിശേഷണമുള്ള ഇ.പി. ജയരാജനെതിരേ തുറന്ന പ്രതികരണത്തിന് അന്ന് ആരും മുതിർന്നില്ല. എന്നാലിപ്പോൾ സർക്കാരിനു കളങ്കമുണ്ടാക്കിയ ഇ.പി. ജയരാജനോട് പിണറായി പുലർത്തുന്ന അതൃപ്തിയാണ് എതിരാളികൾ ആയുധമാക്കുന്നത്.
പാർട്ടിയുടെ ശക്തിദുർഗമായ മൊറാഴ ലോക്കൽ കമ്മിറ്റി തന്നെ ഇ.പിക്കെതിരേ പരാതി നൽകിയത് ചില ഉന്നത നേതാക്കളുടെ ഇടപെടൽ കാരണമാണെന്ന സൂചനയുണ്ട്. ഇ.പി. ജയരാജന്റെ സഹോദരൻ ഭാർഗവന്റെ മകന്റെ ഭാര്യ ദീപ്തി നിശാന്തിനെ കേരള സിറാമിക്‌സിൽ ജനറൽ മാനേജരാക്കി നിയമിച്ചതാണ് മൊറാഴ ലോക്കൽ കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. പതിനാലിന് ചേരുന്ന പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെടുക്കുന്ന നിലപാട് കണ്ണൂർ പാർട്ടിക്കും നിർണായകമായേക്കും. പിണറായി വിജയന്റെ വിശ്വാസ്യത നഷ്ടമായ സാഹചര്യത്തിൽ ജയരാജനെതിരേ കടന്നാക്രമണത്തിന് സാധ്യതയുണ്ട്