തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനം . ജനത്തിനെതിരായി ചില പോലീസുകാർ പ്രവർത്തിച്ചു. യുഡിഫ് കാലത്തെ പീഡന നടപടിയിൽ നിന്നും പോലീസ് മുക്തരായില്ല, എന്നിവയാണ് പൊലീസിനെതിരായ വിമര്‍ശനം. മാധ്യമ ഇടപെടലിൽ ജാഗ്രത വേണം. ഓരോ ദിവസത്തെയും വാർത്തകൾ മന്ത്രിമാർ പരിശോധിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.അതേസമയം തന്നെ പി ജയരാജനും രൂക്ഷ വിമര്‍ശനം. പാര്‍ട്ടിക്ക് മുകളില്‍ വ്യക്തി പ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചു. നവ മാധ്യമങ്ങളെ ഇതിനായി ഉപയോഗിച്ചു. ജയരാജനെ തിരുത്തുന്നതില്‍ ജില്ലാ സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും ജയരാജനെതിരെ ആരോപണമുയര്‍ന്നിരുന്നു.
അതേസമയം എൽഡിഎഫിൽ മുന്നണി വിപുലീകരണം അനിവാര്യമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. ഇടതുമുന്നണിയിൽ ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ വ്യക്തിപൂജ വിവാദം സംബന്ധിച്ച് പ്രവർത്തന റിപ്പോർട്ടിൽ പരാമർശമില്ല.
സിപിഐയേക്കാൾ കെ.എം. മാണിയാണു നല്ലതെന്ന അഭിപ്രായമുള്ള സിപിഎം നേതാക്കളുണ്ടെന്നാണു പാർട്ടി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ഈ നേതാക്കളാകട്ടെ സിപിഐയുടെ കടുത്ത വിമർശകരുമാണ്. മാണിയെ ഇടതുമുന്നണിയിലെത്തിക്കാൻ ഒരു വിഭാഗം നടത്തുന്ന ശ്രമം വിജയിക്കണമെങ്കിൽ അതിനനുസരിച്ചുള്ള ചർച്ച സമ്മേളനത്തിൽ ഉണ്ടാകണം. അതിനുള്ള തയാറെടുപ്പുകൾ ചില നേതാക്കൾ തുടങ്ങിയിട്ടുമുണ്ട്.മാണിയെ മുന്നണിയിലെടുത്താൽ തങ്ങൾ കൂടെയുണ്ടാകില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയെ വേണ്ടെന്നുവച്ചു മാണിയെ സ്വീകരിക്കുന്നത് എളുപ്പമല്ല. ഇതിനു സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി കൂടി വേണം.