
ന്യൂഡല്‍ഹി: രാജ്യസഭാംഗത്തിനെതിരെ വിചിത്ര നടപടിയുമായി സിപിഎം. ആഡംബര ജീവിതം നയിക്കുന്നെന്ന കാരണത്താല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പി റിതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. റിതബ്രതയുടെ ജീവിത ശൈലികള്‍ ഇടത് ആശയത്തിന് വിരുദ്ധമാണെന്നതിനാലാണ് പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗങ്ങള്‍ ലളിത ജീവിതം പിന്തുടരണമെന്ന നയത്തിന് വിരുദ്ധമാണ് റിതബ്രതയുടെ ശൈലിയെന്ന് പാര്‍ട്ടി വിലയിരുത്തി.
വിലകൂടിയ അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളാണ് 38 കാരനാ റിതബ്രത. ആപ്പിള്‍ വാച്ച്, മോണ്ട് ബ്ലാങ്ക് പേന തുടങ്ങിയവയുമായി ഇരിക്കുന്ന ചിത്രം പാര്‍ട്ടി നേതാക്കളില്‍ ഒരാളായ സുമിത താലൂക്ദാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിരുന്നു. ഇത് കണ്ട ചില പാര്‍ട്ടി അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ രീതിക്കെതിരെ രംഗത്ത് വന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് നടപടി ഉണ്ടായത്. റിതബ്രതയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.