ചീഞ്ഞു നാറി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല… സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു

കൊച്ചി:യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണെന്നും ഇനിയും ചീഞ്ഞു നാറി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് സി.ആര്‍ മഹേഷ് രാജിവച്ചത്.

താല്‍പര്യമില്ലെങ്കില്‍ രാഹുല്‍ഗാന്ധി ഒഴിയണമെന്നും എ.കെ. ആന്റണി മൗനി ബാബയാണെന്നും പറഞ്ഞ് നേതൃത്വത്തിനെതിരെ ഇന്നലെ ഫേസ് ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇന്നുച്ചയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹേഷ് പറഞ്ഞു. പാര്‍ട്ടിയില്‍ ചീഞ്ഞ് നാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയോ മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യില്ലെന്നും മഹേഷ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നില്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ സ്വാഭാവികമായും അത് ഇല്ലാതാവുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മഹേഷ്. നേതൃത്വത്തെ വിമര്‍ശിക്കാന്‍ ഒരു മടിയും കാട്ടാത്ത നേതാവായിരുന്നു മഹേഷ്. ഇതിനുമുമ്പും ചില വിമര്‍ശനങ്ങള്‍ അദ്ദേഹം ഉയര്‍ത്തിയിരുന്നു. എന്നാല്‍, രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം പാര്‍ട്ടിയില്‍ വലിയ വിമര്‍ശനമാണ് വരുത്തിവച്ചത്. തുടര്‍ന്നാണ് അദ്ദേഹം ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നാണ് അറിയുന്നത്.
ഇന്നലെ മഹേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. പ്രസ്താവനയെ തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നതിനു പിന്നാലെയാണ് മഹേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സിയ്ക്ക് നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച ആകുന്നു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശബ്ദതയില്‍ ആണെന്നും മഹേഷ് ഇന്നലെ ഫേസ് ബുക്കിലൂടെ ആക്ഷേപമുന്നയിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നുവെന്നും ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കാല് വാരല്‍, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കല്‍ എന്നിങ്ങനെയുള്ള സ്ഥിരം നിര്‍ഗുണങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ മഹേഷ് കുറ്റപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top