
മഡ്രിഡ്: 90 മിനിറ്റില്‍ കളി തീര്‍ന്നതില്‍ എസ്പാന്യോളിന് ആശ്വസിക്കാം. ഗോളടിയന്ത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എന്ജിന് പതിവു താളത്തിലുയരുമ്പോഴേക്കും റഫറിയുടെ ലോങ് വിസില്‍ ഉയര്‍ന്നതിനാല്‍ ഗോളെണ്ണം ആറിലൊതുങ്ങി.
പോര്‍ചുഗീസ് താരം അടിച്ചുകൂട്ടിയത് അഞ്ചു ഗോളുകള്‍. സഹതാരം കരീം ബെന്‍സേമയുടെ ഒന്നുകൂടിയായതോടെ റയല്‍ മഡ്രിഡിന്‍െറ ആകെ സമ്പാദ്യം ആറ് ഗോള്‍. ഇതോടെ, ലാ ലിഗ ചരിത്രത്തില്‍ റയലിന്‍െറ ഏറ്റവും വലിയ ഗോള്വേട്ടക്കാരന് ക്രിസ്റ്റ്യാനോയായി. ശനിയാഴ്ചത്തെ അഞ്ച് ഗോളുമായി ക്രിസ്റ്റ്യാനോയുടെ ലാ ലിഗ സമ്പാദ്യം 230ആയി. റൗളിന്‍െറ (228 ഗോള്‍) റെക്കോഡാണ് പോര്‍ചുഗീസ് താരം മറികടന്നത്.
സ്പാനിഷ് ലാ ലിഗയില്‍ പുതിയ കോച്ച് റഫ ബെനിറ്റസിനു കീഴില്‍ റയല്‍ മഡ്രിഡിന് പുത്തനുണര്‍വും ഒത്തൊരുമയും ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു എസ്പാന്യോള് മൈതാനത്തെ ക്രിസ്റ്റ്യാനോ ഷോ. സീസണിലെ ആദ്യ മത്സരം ഗോള്‍രഹിത സമനിലയോടെ തുടങ്ങിയപ്പോള്‍ വിമര്‍ശങ്ങള്‍ക്കു നടുവിലായിരുന്നു ബെനിറ്റസ്. എന്നാല്‍, രണ്ടാം അങ്കത്തില്‍ റയല്‍ ബെറ്റിസിനെ 5-0ന് തോല്പിച്ച് ചാമ്പ്യന്മാര് കിരീടപ്പോരാട്ടത്തിന് ആദ്യ മുന്നറിയിപ്പ് നല്കി.
അപ്പോള്‍ വിമര്‍ശം, ഗോള്‍ സ്കോറര്‍മാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോയില്ളെന്നായി. എന്നാല്‍, ഇക്കുറി എല്ലാത്തിനും കണക്കുതീര്‍ത്താണ് റയലിന്‍െറ കുതിപ്പ്. എവേ മാച്ചില്‍ ആദ്യ 20 മിനിറ്റിനുള്ളില്‍ ലോകതാരം ഹാട്രിക് നേടി. 7, 17, 20 മിനിറ്റിലായിരുന്നു ഗോളുകള്‍. 28ാം മിനിറ്റില്‍ ബെന്സേമയ ടീമിന്‍െറ ലീഡ് ഉയര്‍ത്തിയപ്പോഴും ക്രിസ്റ്റ്യാനോ അടങ്ങിനില്ക്കാന് തീരുമാനിച്ചില്ല. രണ്ടാം പകുതിയില്‍ 61, 81 മിനിറ്റുകളില്കൂടി വലകുലുക്കി റയലിന്‍െറ വിജയത്തിന് പത്തരമാറ്റേകി.