ഫൈനലിൽ പെൺപട വീണു: തോറ്റത് ഒൻപതു റണ്ണിന്

സ്‌പോട്‌സ് ഡെസ്‌ക്

ലോഡ്‌സ്: ഇന്ത്യയ്ക്കു വേണ്ടി ലോഡ്‌സിലെ മൈതാനത്ത് ഒരിക്കൽ കൂടി ചരിത്രം കുറിക്കാമെന്ന ഇന്ത്യൻ പെൺകൊടികളുടെ ലക്ഷ്യത്തിനു തടയിട്ട് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയർത്തിയ ചെറിയ ലക്ഷ്യത്തിനു മുന്നിൽ ഒൻപത് റണ്ണകലെ ഇടറി വീണ് ഇന്ത്യൻ പെൺകുട്ടികൾ തോൽവി സമ്മതിച്ചു.
ഐ.സി.സി വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടത്തിൽ മുത്തമിട്ടത്. അവസാന നിമിഷം വരെ പൊരുതിയാണ് ഇന്ത്യൻ വനിതകൾ കീഴടങ്ങിയത്. ‘ക്രിക്കറ്റിന്റെ മെക്ക’ എന്നറിയപ്പെടുന്ന ലോർഡ്സിലാണ് ഇംഗ്ലണ്ടിന്റെ പെൺപുലികൾ കിരീടമുയർത്തിയത് എന്നതും ശ്രദ്ധേയമാണ്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയിരുന്നു. ഇന്നിംഗ്സിന്റെ ആദ്യം അടിച്ചു കയറിയ ഇംഗ്ലണ്ട് വനിതകളെ പിന്നീട് ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.
ഇംഗ്ലണ്ടിനായി നടാലിയ സ്‌കിവർ (51) അർധശതകം നേടി. കീപ്പറായ സാറ ടെയ്ലറും (45) കാതറിൻ ബ്രന്ററ്റും (34) ആണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയ മറ്റ് ബാറ്റ്സ്വുമൺമാർ. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി 3 വിക്കറ്റുകൾ നേടി. പൂനം യാദവ് രണ്ടും, രാജേശ്വരി ഗെയിക്വാദ് ഒന്നും വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. അഞ്ച് റൺസായപ്പോൾ തന്നെ ഓപ്പണറായ സ്മൃതി മന്ദാരയെ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ മുന്നേറ്റം തുടർന്നു. പൂനം റാവത്തിന്റേയും (86) ഹർമൻപ്രീത് കൗറിന്റേയും (51) അർധശതകങ്ങളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്.
എന്നാൽ അൻയ ഷ്രുബ്സോലെയാണ് ഇന്ത്യൻ നിരയെ തകർത്തത്. ആറ് വിക്കറ്റുകളാണ് അൻയ നേടിയത്. അലക്സ് ഹാർട്ലി രണ്ട് വിക്കറ്റുകൾ നേടി. കടുത്ത സമ്മർദ്ദത്തിന് നടുവിലായിരുന്നു ഇന്ത്യൻ വനിതകളുടെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിന്റെ നാലാമത് ലോകകപ്പ് കിരീടമാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top