ധര്‍മ്മശാല : ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗൗതം ഗംഭീറിന്റെ എട്ടുവര്‍ഷത്തെ റെക്കോര്‍ഡ് ചേതേശ്വര്‍ പൂജാര പഴങ്കഥയാക്കി. ഒരു ടെസ്റ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതിയാണ് പൂജാര സ്വന്തമാക്കിയത്. 2008-2009 സീസണില്‍ 1269 റണ്‍സെന്ന ഗംഭീറിന്റെ സ്‌കോര്‍ പൂജാര മറികടന്നു. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സെടുത്ത സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍ 1361 റണ്‍സ് ആണ് നേടിയത്.
സീസണില്‍ 168 റണ്‍സ് കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ പൂജാരയ്ക്ക് സാധിക്കും. 78.05 ശരാശരിയില്‍ 1483 റണ്‍സ് ആണ് പോണ്ടിങ്ങിന്റെ ലോകറെക്കോര്‍ഡ്.
സീസണില്‍ ഹോം മത്സരങ്ങള്‍ കൂടുതല്‍ കളിക്കാന്‍ സാധിച്ചത് പൂജാരയ്ക്ക് തുണയായി. കഴിഞ്ഞ ഒക്ടോബറില്‍ ന്യൂസിലന്റിനെതിരായ സീരീസ് മുതല്‍ മികച്ച ഫോമില്‍ കളിച്ചുവരികയാണ് പൂജാര. കൊഹ് ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ സ്വപ്‌നസമാനമായ കുതിപ്പിന് പൂജാരയുടെ ബാറ്റിങ്ങും നിര്‍ണായകമായ പങ്കുവഹിച്ചു.