സ്‌പോട്‌സ് ഡെസ്‌ക്
പല്ലക്കലെ ടെസ്റ്റിൽ ഇന്ത്യയുടെ 487ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കുടെ ആദ്യ ഇന്നിങ്സ് 135 റൺസിന് അവസാനിച്ചു. വെറും 37.4 ഓവറിൽ എല്ലാവരും കൂടാരം കയറുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 352 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ഫോളോഓൺ വഴങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. രവീന്ദ്ര ജദേജക്ക് പകരമെത്തിയ കുൽദീപ് യാദവാണ് ലങ്കയുടെ കഥകഴിച്ചത്. നാല് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹർദ്ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരാൾ റൺഔട്ടായി. 48 റൺസെടുത്ത ദിനേഷ് ചാണ്ഡിമലിന് മാത്രമാണ് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായത്. ബാക്കിയുള്ളവരെല്ലാം വന്നാപാടെ ക്രീസ് വിട്ടു. നാല് പേരെ എക്കൗണ്ട് തുറക്കാൻ പോലും സമ്മതിച്ചില്ല. നിരോഷൻ ദിക്ക് വല്ലെ(29) കുസാൽ മെൻഡിസ്(18) എന്നിവരാണ് മറ്റു സ്‌കോറർമാർ.
ഹർദീക് പാണ്ഡ്യയുടെ സെഞ്ച്വറിയാണ് രണ്ടാം ദിനത്തിലെ പ്രത്യേകത. കരിയറിൽ മൂന്നാം ടെസ്റ്റ് കളിക്കുന്ന പാണ്ഡ്യയുടെ ആദ്യ ശതകമാണിത്.
പടുകൂറ്റൻ ഇന്നിങ്‌സ് പടുത്തുയർത്തുന്നതിൽ നിന്ന് ലങ്കൻ ബോളർമാർ ഇന്ത്യക്ക് തടയിട്ടു. രണ്ടാം ദിനത്തിൻറെ ലഞ്ചിന് പിന്നാലെ ഇന്ത്യൻ ഇന്നിങ്‌സിന് വിരാമമായി. ആറു വിക്കറ്റിന് 329 എന്ന നിലയിൽ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യൻ പടക്ക് കരുത്തായത് പാണ്ഡ്യയുടെ വെടിക്കെട്ടായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പാണ്ഡ്യ അതിവേഗം റൺ കൊയ്‌തെടുത്തു. 96 പന്തിൽ നിന്ന് 108 റൺസ് അടിച്ചുകൂട്ടിയ പാണ്ഡ്യ അവസാന വിക്കറ്റായി കൊഴിഞ്ഞുവീണപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനും അവസാനമായി. പാണ്ഡ്യക്കൊപ്പം കുറച്ചെങ്കിലും ഉറച്ച പിന്തുണ നൽകാൻ കുൽദീപ് യാദവിനാണ് കഴിഞ്ഞത്. 73 പന്തുകൾ നേരിട്ട കുൽദീപ് 26 റൺസെടുത്തു. ലങ്കക്കായി ലക്ഷൻ സന്തകൻ 5 വിക്കറ്റെടുത്തു. പുഷപകുമാര 3 വിക്കറ്റെടുത്തു.
ഒന്നാം ദിനം കളി തുടങ്ങിയത് ഇന്ത്യയുടെ സമാനതകളില്ലാത്ത കുതിപ്പുമായായിരുന്നു. എന്നാൽ 188 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി ശക്തമായി തുടങ്ങിയെങ്കിലും കളി അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് തകർച്ച നേരിട്ടു. ശ്രീലങ്കയ്ക്കെതിരായ പല്ലക്കലെ ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ദിനം സ്ഥിതി ഇങ്ങനെ: 329 റൺസെടുത്തു ഒന്നാം ദിനം കളി അവസാനിപ്പിച്ചെങ്കിലും ആറ് വിക്കറ്റുകൾ നഷ്ടമായി. കരിയറിലെ ആറാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറിയുമായി ശിഖർ ധവാൻ കളം നിറഞ്ഞു. 119 റൺസാണ് ധവാൻ സ്വന്തമാക്കിയത്. 123 പന്തിൽ നിന്ന് 17 ഫോറുകൾ ചന്തം ചാർത്തിയ ഇന്നിങ്സായിരുന്നു ധവാന്റേത്. 85 റൺസെടുത്ത ലോകേഷ് രാഹുൽ ധവാനൊത്ത പങ്കാളിയായി.
തുടർച്ചയായി ഏഴ് അർധ സെഞ്ച്വറികളെന്ന ക്ലബ്ബിലേക്ക് പ്രവേശിച്ചാണ് രാഹുൽ കളം വിട്ടത്. ഒരു ഇന്ത്യൻ താരം ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്. പുഷ്പകുമാരയാണ് രണ്ടു പേരെയും പുറത്താക്കിയത്. എന്നാൽ പിന്നീട് വന്നവർക്ക് പിഴച്ചത് തിരിച്ചടിയായി. നായകൻ വിരാട് കൊഹ്ലി(42)യും അശ്വിനും (31) സ്‌കോർബോർഡ് ചലിപ്പിച്ചെങ്കി ലും അധികം മുന്നോട്ടുപോയില്ല. കഴിഞ്ഞ കളികളിലെ സെഞ്ച്വറി വീരന്മാരായ പുജാര(8) രഹാനെ(17) എന്നിവർ വേഗത്തിൽ പുറത്തായി.