ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; ബിസിസിഐ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി : ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിധികേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു.

ബിസിസിഐ വിലക്കു നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടുകൾക്ക് ആധാരമാക്കിയതു ഡൽഹി പൊലീസ് നൽകിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങൾ തള്ളി പട്യാല സെഷൻസ് കോടതി തന്നെ കേസിൽ കുറ്റവിമുക്തനാക്കിയതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീശാന്തിന്റെ വിലക്കു നീക്കിയതിൽ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ‌ പ്രസിഡന്റുമായ ടി.സി.മാത്യു പറഞ്ഞു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്കു കത്തെഴുതാൻ ടി.സി.മാത്യുവായിരുന്നു ശ്രീശാന്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ വിലക്കു നീക്കില്ലെന്ന നിലപാടാണ് ബിസിസിഐ എടുത്തത്.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടി-ട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ട്വന്റി-20 ലോകകപ്പ്കിരീടം നേടിയത്.

Top