കോയമ്പത്തൂര്‍: ഫേസ്ബുക്കില്‍ മതവിരുദ്ധ പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു. ഫാറൂഖ് എന്ന 31കാരനെയാണ് നാലു പേരടങ്ങുന്ന സംഘം വെട്ടി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ദ്രാവിഡ വിടുതലൈ കഴകം എന്ന സംഘടനയിലെ അംഗമായിരുന്ന ഫാറൂഖ് ഒരു നിരീശ്വരവാദിയായിരുന്നു. ഇയാള്‍ വാട്ട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പ് നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. നിരീശ്വരവാദവുമായി ബന്ധപ്പെട്ട് ചില മതവിരുദ്ധ പോസ്റ്റുകള്‍ ഇയാള്‍ ഇതു വഴി പ്രചരിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് അന്‍സത് എന്നൊരാള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്കു മുന്‍പാകെ കീഴടങ്ങിയിട്ടുണ്ട്. വെളളിയാഴ്ച്ച വൈകിട്ടാണ് ഇയാള്‍ അഞ്ചാം നമ്പര്‍ കോടതി മുന്‍പാകെ കീഴടങ്ങിയത്.
ഫാറൂഖിന്റെ മതവിരുദ്ധ നിലപാടുകളില്‍ പ്രകോപിതരായവരാണ് കൊലപാതകം നടത്തിയതെന്ന് കോയമ്പത്തൂര്‍ ഡി.സി.പി എസ്. ശരവണന്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.