നാഥനില്ലാ കളരിയായി ക്രൈംബ്രാഞ്ച് …66കേസുകള്‍ തുലാസില്‍

തിരുവനന്തപുരം:ക്രിമിനലുകള്‍ക്ക് വിളനിലമാക്കാന്‍ കേരളം ഒരുങ്ങുകയാണോ ? ക്രൈംബ്രാഞ്ചിന് മേധാവിയില്ലാതെ നാതനില്ലാ കളരിയായിട്ട് 25 ദിനമായി 66 -ല്‍ പരം കേസുകള്‍ തുലാസിലാണ് . എഡിജിപി ക്രൈംസ് ആയിരുന്ന അനന്തകൃഷ്ണന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്ന് പകരം സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്തതാണ് ക്രൈംബ്രാഞ്ചിനെ നാഥനില്ലാ കളരിയാക്കി മാറ്റിയിരിക്കുന്നത്.

രണ്ട് ഐജിമാര്‍ എങ്കിലും വേണ്ടിടത്ത് ഒരേയൊരു ഐജി മാത്രമേയുള്ളു. ഡിഐജി തസ്തികയാവട്ടെ നിരവധി വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുകയുമാണ്.ക്രൈംബ്രാഞ്ചിലെ ഇ.ഒ.ഡബ്ല്യു, ഒ.സി.ഡബ്ല്യു, എച്ച്.എച്ച്.ഡബ്ല്യു വിഭാഗത്തിനായി ഒറ്റ ഐജിയാണുള്ളത്. നേരത്തെ രണ്ട് ഐജിമാര്‍ വഹിച്ച ചുമതലയാണിത്.ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഐജി. എഡിജിപി തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ‘വണ്‍മാന്‍ ആര്‍മി’ യായി ക്രൈംബ്രാഞ്ചില്‍ കാര്യങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ ഈ ഉദ്യോഗസ്ഥനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണം ഇഴയുന്നതിനെ ഐജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.വിവാദമായ നിരവധി കേസുകള്‍ ഉള്‍പ്പെടെ അനവധി കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളുടെ ചുമതലയിലുള്ളത്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന അനന്തകൃഷ്ണന്‍ സ്ഥലം മാറ്റപ്പെട്ടതോടെ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനവും താളം തെറ്റിയിട്ടുണ്ട്.ക്രൈംബ്രാഞ്ച് മേധാവിയാകാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത ‘മത്സരം’ നടക്കുന്നതാണ് നിയമനം നീളാന്‍ കാരണമെന്നാണ് സൂചന.

ക്രൈംബ്രാഞ്ച് മേധാവിയെ നിയമിക്കുന്നതോടെ പൊലീസ് തലപ്പത്ത് ചെറിയ രൂപത്തില്‍ അഴിച്ചു പണിയും വേണ്ടിവരും.ഓണാവധിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഉദ്യോഗസ്ഥരില്‍ വലിയ വിഭാഗം ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളില്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ തുടരുന്നതിനാല്‍ ക്രൈംബ്രാഞ്ചില്‍ വിപുലമായ അഴിച്ച് പണി വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.

ഐ.ജി.യുടെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ

1. അന്വേഷണത്തിനു മുന്നോടിയായി ലഭിച്ച 40 കേസുകള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ 17 കേസുകള്‍ ലഭിച്ചിട്ട് ഒരു മാസമായി. ഒ.സി.ഡബ്ല്യു. വിഭാഗത്തില്‍ 26 കേസുകളാണ് പ്രഥമപരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നത്. ഇതില്‍ ആറെണ്ണം ഒരു മാസം മുമ്പ് ലഭിച്ചതാണ്. പ്രഥമപരിശോധനയ്ക്കായി ലഭിച്ച കേസുകളില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.

2. ക്രൈംബ്രാഞ്ചില്‍ നിന്നു മറ്റു യൂണിറ്റുകളിലേക്കു പോവുന്നവര്‍ പുതുതായി ക്രൈംബ്രാഞ്ചിലെത്തുന്നവര്‍ക്ക് പ്രവര്‍ത്തന രീതികള്‍ സംബന്ധിച്ചുള്ള കുറിപ്പ് നല്‍കണം. ഇപ്രകാരം നല്‍കുന്ന കോപ്പി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കയയ്ക്കണം. കൂടാതെ പുതുതായി ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കു ഏറ്റെടുക്കുന്ന ജോലിയെ കുറിച്ചുള്ള പരിശീലനം നല്‍കണം.

3. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുള്ള സെക്ഷനുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ച് ഈ മാസം 30 നുള്ളില്‍ 50 ശതമാനം റിപ്പോര്‍ട്ട് തയാറാക്കണം. ഒക്‌ടോബര്‍ നാലിനുള്ളില്‍ ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കണം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കത്തത് എന്തു കാരണത്താലാണെന്നും ആരുടെ ഉത്തരവാദിത്വത്തിലാണെന്നും രേഖപ്പെടുത്തണം.

5. ഐ.ജിക്ക് അയയ്ക്കുന്ന ഫയലുകളില്‍ അന്വേഷണവിവരങ്ങളും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടിയും രേഖപ്പെടുത്തണം.

6. നിലവില്‍ കേസുകള്‍ സംബന്ധിച്ചുള്ള ത്രൈമാസിക റിപ്പോര്‍ട്ട് ശേഖരണവും വിലയിരുത്തലും കാര്യക്ഷമമല്ല. കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ തുടര്‍ന്നുള്ള അന്വേഷണവും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചുള്ള പ്രത്യേക പട്ടിക തയാറാക്കി എല്ലാ യൂണിറ്റുകള്‍ക്കും കൈമാറിയിട്ടുണ്ട്.

7. കോടതി വിധികളെ കുറിച്ച് വിശദമായി അന്വേഷണ ഉദ്യോഗസ്ഥരും യൂണിറ്റ് തലവന്‍മാരും പഠിക്കണം. ക്രൈംകേസുകളില്‍ അന്വേഷണം
പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി വിധിപറയുകയും ചെയ്ത കേസുകള്‍ പുനഃപരിശോധിക്കണം. കേസുകളുടെ അന്വേഷണം സംബന്ധിച്ചുള്ള കോടതി വിധികള്‍ എപ്രകാരമാണെന്നു കണ്ടെത്തുന്നതിനാണിത്. കോടതി വിധികള്‍ പഠിക്കുന്നതിലൂടെ തുടര്‍ന്നുള്ള ക്രൈംകേസുകളില്‍ വീഴ്ചയില്ലാതെ അന്വേഷണം നടത്താനാവും.

8. 2010 ന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളുടെ വിധി പകര്‍പ്പാണു ശേഖരിക്കാന്‍ നിര്‍ദേശിച്ചത്. 2010 2012 വരെയുള്ള കേസുകളുടേത് 30 നുള്ളിലും 2013 15 വരെയുള്ള കേസുകളിലേത് അടുത്ത മാസം 31നുള്ളിലും ശേഖരിക്കണം. ഈ വര്‍ഷം ജനുവരി മുതലുള്ള കേസുകളുടെ വിധി പകര്‍പ്പ് നവംബറിനുള്ളിലും ഡിസംബര്‍ മുതലുള്ളവ സമയബന്ധിതമായും ശേഖരിക്കണം.

Top