
കൊച്ചി:മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ മുന്‍പ് പറഞ്ഞിരുന്നു.മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിത പുല്ലയിലിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോൻസൺ മാവുങ്കലുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്് അനിത പുല്ലയിൽ പറഞ്ഞു.
മോൻസണുമായി ബന്ധമുള്ള ഉന്നതരുടെ പേര് കൈമാറിയെന്നും അനിത പുല്ലയിൽ പറഞ്ഞു. മോൻസൺ മാവുങ്കലിനെ സംരക്ഷിച്ചവർ ആരൊക്കെയെന്ന് പറഞ്ഞു. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ടാണ് മോൻസൺ മാവുങ്കലുമായി തനിക്കുള്ള ബന്ധം. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് മനസിലായപ്പോൾ ബന്ധം അവസാനിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൻസണിന്റെ ബന്ധവും ക്രൈംബ്രാഞ്ചിനെ അറിയിച്ചുവെന്നും അനിത പുല്ലയിൽ വ്യക്തമാക്കി.
എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയിൽ ഇതുവരെ എവിടെയും പരാതി നൽകിയിട്ടില്ല. മോൻസന്‍റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടർന്നിരുന്നു. ഈ കാലയളവിലാണ് അനിത മുൻ ഡിജിപിയെ മ്യൂസിയത്തിന്‍റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദർശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിൽ അനിത സജീവമായിരുന്നു. മോൻസനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോൻസന്‍റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോൻസനെ സൂക്ഷിക്കണമെന്ന് ലോക്നാഥ് ബഹ്റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയിൽ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.