അമ്മയെ പിരിയാന്‍ വയ്യ; വിവാഹം മുടക്കാനുള്ള പ്രതിശ്രുത വധുവിന്റെ ശ്രമം പൊലീസ് പൊളിച്ചു

പ്രതിശ്രുത വധുവിനെ നാലംഗ മോഷണ സംഘം കെട്ടിയിട്ട ശേഷം കല്യാണത്തിന് കരുതിയിരുന്ന80 പവന്‍ സ്വര്‍ണം മോഷ്ടിച്ചു വെന്നറിഞ്ഞാണ് പോലീസ് പാഞ്ഞെത്തിയത്. എന്നാല്‍ യുവതിയെ വിശദമായി ചോദ്യം ചെയ്ത പോലീസിന് മുന്നില്‍ കവര്‍ച്ചാനാടകം പൊളിഞ്ഞു. അമ്മയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത് വിവാഹം നടക്കാതിരിക്കുന്നതിന് വേണ്ടി താനൊരുക്കിയ നാടകമാണിതെന്ന് പോലീസിനോട് സമ്മതിച്ച യുവതി വീടിന് പിന്നിലെ തൊഴുത്തിലെ വിറകുകെട്ടിന് ഇടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം തിരികെ എടുത്തു നല്‍കി. ഇന്നലെ രാവിലെ പത്തരയോടെ ആറന്മുള നീര്‍വിളാകത്താണ് സംഭവം നടന്നത്. എം.സി.എ ബിരുദധാരിയായ യുവതിയുടെ വിവാഹം ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതാപിതാക്കള്‍ ബാങ്കില്‍ നിന്ന് പണമെടുക്കുന്നതിനായി ചെങ്ങന്നൂരിന് പോയപ്പോഴാണ് സംഭവം നടന്നതായി യുവതി പോലീസിനോട് പറഞ്ഞത്. സ്‌റ്റെയര്‍ കെയ്‌സിന്റെ പടിക്കെട്ടില്‍ ഹാന്‍ഡ്‌റെയിലിനോട് ചേര്‍ന്ന് തന്നെ കെട്ടിയിട്ട ശേഷം അലമാരയില്‍ നിന്ന് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധനസ്ഥയായ മകളെയാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, പത്തനംതിട്ട ഡിവൈ.എസ്.പി എ. സന്തോഷ്‌കുമാര്‍, കോഴഞ്ചേരി സി.ഐ. വിദ്യാധരന്‍, ആറന്മുള സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഡിവൈ.എസ്.പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് കള്ളി വെളിച്ചത്തായത്. റോഡില്‍ നിന്ന് ഉള്ളിലേക്ക് കയറിയാണ് യുവതിയുടെ വീട്. ഇതിന് നൂറുമീറ്റര്‍ ചുറ്റളവില്‍ മറ്റു വീടുകളൊന്നുമില്ല. മുന്‍വശത്തെ വാതിലിന്റെ ഒരു ഓടാമ്പല്‍ മാത്രം പകുതി ഇട്ടശേഷം താന്‍ ബെഡ്‌റൂമില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്തോ ശബ്ദം കേട്ട് വന്നപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് മുഖംമൂടി ധരിച്ച നാലുപേര്‍ നില്‍ക്കുന്നു. നിങ്ങള്‍ ആരാണ്? എന്തിനാണ് വന്നതെന്ന് ചോദിച്ചു? കൂട്ടത്തിലൊരാള്‍ തന്നെ തള്ളിത്താഴെയിട്ട ശേഷം ഷാള്‍ കൊണ്ട് വായ പൊത്തി സ്‌റ്റെയര്‍ കേസിലേക്ക് തള്ളിയശേഷം മുറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തു കൊണ്ട് പോയി. സാധനങ്ങള്‍ വാരി വലിച്ചെറിഞ്ഞുവെന്നും യുവതി പറഞ്ഞു. യുവതിയുടെ പരസ്പര വിരുദ്ധമായ മൊഴിയില്‍ സംശയം തോന്നിയ പോലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. ആദ്യം പറഞ്ഞത് കാര്യങ്ങള്‍ പിന്നീട് മാറ്റിപ്പറഞ്ഞതോടെ പോലീസിന് സംശയം വര്‍ധിച്ചു. പിടിവലിയ്ക്കിടെ നെറ്റിയിലുംകഴുത്തിലും മുറിവുണ്ടായെന്നും യുവതി പറഞ്ഞു. സയന്റിഫിക് അസിസ്റ്റന്റ് നടത്തിയ പരിശോധനയില്‍ മുറിവ് യുവതി സ്വയം ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. സ്വര്‍ണം മോഷ്ടിച്ച അലമാരയോട് ചേര്‍ന്നിരുന്ന സേഫില്‍ ആറു ലക്ഷം രൂപ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഈ വിവരം പിതാവ് പറഞ്ഞപ്പോഴാണ് യുവതി അറിഞ്ഞത്. ഇത്രയും സ്വര്‍ണം മോഷ്ടിക്കുകയും സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്ത മോഷ്ടാക്കള്‍ എന്തു കൊണ്ട് പണം മോഷ്ടിച്ചില്ലെന്ന പോലീസിന്റെ സംശയം കൂടിയായതോടെ യുവതിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതായി. ഒടുവില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തൊഴുത്തിലെ വിറകിനിടയ്ക്ക് സൂക്ഷിച്ചിരുന്ന സ്വര്‍ണം യുവതി തന്നെ എടുത്തു കൊടുത്തു. യുവതിയുടെ പിതാവ് ഏറെ നാളായി വിദേശത്ത് ജോലി ചെയ്യുകയാണ്. മാതാവും യുവതിയുമൊന്നിച്ചായിരുന്നു താമസം. മാതാവിനെ വിട്ട് താമസിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. മാനുഷിക പരിഗണന വച്ച് സംഭവത്തില്‍ കേസെടുക്കാതെ യുവതിയെ താക്കീത് ചെയ്ത് വിട്ടയച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.

Top