തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പ് പരാജയമോ..ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മനോരമ ന്യൂസ് ചാനലാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഇന്റലിജന്‍സ് ഡിജിപി മുഹമ്മദ് യാസിന്‍ അറിയിച്ചു. ക്രമസമാധാന നില തകര്‍ന്നതായുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് എവിടേക്കും അയച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.
മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ഇങ്ങനെ: യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇതേ കാലയളവില്‍ ഉണ്ടായതിനെക്കാള്‍ 61,000 ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു മാസത്തിനിടെ സംസ്ഥാനത്തു പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പീഡനക്കേസുകള്‍ 1100; ഇതില്‍ 630 കേസുകളിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തില്‍ മാത്രം 330 കേസുകള്‍ വര്‍ധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്
സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മനോരമ ന്യൂസ് പറയുന്നു.