ക്രൈം ഡെസ്‌ക്
ബാംഗ്ലൂർ: ഭാര്യയ്ക്ക് പതിനാറു വയസുള്ള കാമുകനുണ്ടെന്ന് അറിഞ്ഞ ആ ഭർത്താവ് തകർന്നുപോയി. എല്ലാം തിരിച്ചറിഞ്ഞ ഭർത്താവിനെ വകവരുത്തി കാമുകനും ഭാര്യയും. ഒടുവിൽ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിൽ കൊലപാതകികൾ പിടിയിലുമായി. പ്രവലിക എന്ന യുവതിയും കാമുകനും കുടുങ്ങിയത് സിനിമാസ്‌റ്റൈലിൽ. ഹൈദരാബാദിലാണ് മനുഷമനസാക്ഷിയെ നടുക്കിയ സംഭവം. ഹൈദരാബാദ് ഹയാത്‌നഗർ പോലീസാണ് ഭർത്താവ് പുല്ലയ്യയുടെ മൃതദേഹം ബൈക്കിൽ കടത്തുന്നതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തത്.
കല്യാണത്തിനു മുമ്പേ പ്രവലികയ്ക്ക് പയ്യൻ കാമുകനുമായി ബന്ധമുണ്ടായിരുന്നു. അവിഹിതബന്ധം തിരിച്ചറിഞ്ഞ നാട്ടുകാർ പ്രവലികയെയും ഭർത്താവ് പുല്ലയ്യയെയും ഗ്രാമത്തിൽ നിന്നും ഓടിച്ചുവിട്ടിരുന്നു. തുടർന്ന് ഹൈദരാബാദിലെ എൽബി നഗറിൽ ഒരു ഫൽറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച ഭാര്യയുടെ കാമുകനെ പുല്ലയ്യ വീട്ടിൽവച്ചു കണ്ടു. ഇതോടെ ഭാര്യയും കാമുകനും പുല്ലയ്യയെ കൊലപ്പെടുത്തി. മൃതദേഹം ഉപേക്ഷിക്കാനിയ അയൽക്കാരന്റെ ബൈക്കിൽ മൃതദേഹം കയറ്റിക്കൊണ്ടുപോയി. ദുരെ എവിടെയെങ്കിലും മൃതദേഹം ഒളിപ്പിക്കുകയായിരുന്നു പദ്ധതി. എന്നാൽ പെഡ്ഡ അംബർപേട്ട് എന്ന സ്ഥലത്തുവച്ച് പോലീസ് പട്രോളിംഗിൽ കുടുങ്ങി. ഇരുവരെയും ആദ്യം വിട്ടെങ്കിലും പോലീസിന് സംശയം തോന്നുകയായിരുന്നു.
ബൈക്കിന്റെ പിറകിലിരുത്തിയ പുല്ലയ്യയുടെ കാലുകൾ നിലത്തുകൂടി വലിയുകയും തല ബൈക്ക് ഓടിച്ച കൗമാരക്കാരന്റെ തോളിലേക്ക് ചാഞ്ഞിരിക്കുകയും ചെയ്തത് പോലീസിന് സംശയം ജനിപ്പിച്ചു. തുടർന്ന് ബൈക്കിന്റെ പിന്നാലെ പോയ പോലീസ് പ്രവലികയും കാമുകനും കൊണ്ടുപോകുന്നത് മൃതശരീരമാണെന്ന് മനസിലാക്കിയ പോലീസ് വാഹനം നിർത്തി ഇരുവരെയും ചോദ്യം ചെയ്തു. അമിതമായ മദ്യപാനം മൂലം പുല്ലയ്യ മരിച്ചെന്നും ജഡം കൊണ്ടുപോകാൻ മാർഗമില്ലാത്തതിനാലാണ് ബൈക്കിൽ കൊണ്ടുപോയതെന്നുമായിരുന്നു ഇവരുടെ ആദ്യ മറുപടി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇവർ കൊലപാതകക്കുറ്റം സമ്മതിച്ചു.