
ക്രൈം ഡെസ്‌ക്
കോട്ടയം: മോഷണം ലക്ഷ്യമിട്ട് ആയുധങ്ങളും കഞ്ചാവുമായെത്തിയ അന്തർ സംസ്ഥാന മോഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടി. വടിവാളും മാരകായുധങ്ങളുമായി എത്തിയ സംഘത്തെ സാഹസികമായാണ് പൊലീസ് സംഘം പിടികൂടിയത്. കാസർകോട് കേളയത്ത് വീട്ടിൽ റംഷാദ്(27), കുന്നുമ്മേൽ വീട്ടിൽ മുഹമ്മദ് നിയാസ് (24), ചെറുവത്തൂർ കണ്ടത്തിൽ വീട്ടിൽ സുൽഫിക്കർ (19), കൊപ്രാപറമ്പിൽ ശിഹാബുദീൻ (28) എന്നിവരെയാണ് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി എസ്.സതീഷ് ബിനോയുടെ നേതൃത്വത്തിൽ ജില്ലയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓപ്പറേഷൻ ബ്ലാക്ക് ഹണ്ടിന്റെ ഭാഗമായാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന് വാഹനങ്ങളിൽ കറങ്ങി നടന്നു മോഷണം നടത്തുകയായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളും സ്വർണവും തമിഴ്‌നാട്ടിലും, ബാംഗ്ലൂരിലും കൊണ്ടു വിൽപന നടത്തുകയായിരുന്നു പ്രതികൾ ചെയതിരുന്നതെന്നു പൊലീസ് പറഞ്ഞു.
ഓപ്പറേഷൻ ബ്ലാക്ക് ഹണ്ടിന്റെ ഭാഗമായി എംസി റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഏറ്റുമാനൂർ സിഐ സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ സംശയമായസ്പദമായ സാഹചര്യത്തിൽ മാരകായുധങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവും കണ്ടെത്തി. പ്രതികൾക്കെതിരെ കാഞ്ഞങ്ങാട്, വളപട്ടണം, സുൽത്താൻ ബത്തേരി, ബേക്കൽ, അഴീക്കോട്, നീലേശ്വരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.
കാസർകോട് ഒരു കടകുത്തിത്തുറന്ന് മോഷണം നടത്തിയ സുൽഫിക്കറിന്റെ ദൃശ്യങ്ങൾ ഇവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ജില്ലാ പൊലീസിനു കാസർകോട് പൊലീസ് അയച്ചു കൊടുത്തിരുന്നു. സുൽഫിക്കറിനെ ഉടൻ തന്നെ കാസർകോട് പൊലീസിനു കൈമാറും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.