യുപി : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി 2 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 803 ബലാത്സംഗ കേസുകളും 729 കൊലപാതകങ്ങളും. നിയമസഭയില്‍ സര്‍ക്കാര്‍ തന്നെയാണ് കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. 799 കൊള്ളയടി കേസുകളും 2682 തട്ടിക്കൊണ്ട് പോകല്‍ കേസുകളും മറ്റ് കവര്‍ച്ചാ സംഭവങ്ങള്‍ 60 എണ്ണവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ മെയ് 8 വരെയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് കണക്കുകള്‍ വ്യക്തമാക്കിയത്. സമാജ് വാദി പാര്‍ട്ടി എംഎല്‍എ ശൈലേന്ദ്ര യാദവ് ലാലായുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും ഇവ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങളും വ്യക്തമാക്കണമെന്നായിരുന്നു ചോദ്യം.
രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസുകളില്‍ 67.16 ശതമാനത്തിലും നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.81.88 ശതമാനം കൊള്ളയടി കേസുകളിലും 67.05 ശതമാനം കവര്‍ച്ചാ കേസുകളിലും നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 126 കേസുകളില്‍ അധോലോക ബന്ധമുണ്ട്.31 എണ്ണം ഗുണ്ടാ നിയമത്തിന് കീഴിലും 3 എണ്ണം ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. അതേസമയം മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തുള്ള വിവരങ്ങള്‍ എസ് പി അംഗം പ്രശാന്ത് ജാദവ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ സമ്മതിക്കുന്നു.
കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത വര്‍ധിച്ചതിനാലാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം.മുന്‍കാലങ്ങളില്‍ ഇത്രമാത്രം രേഖപ്പെടുത്തപ്പെട്ടിരുന്നില്ലെന്നും നിസാര കുറ്റങ്ങളില്‍ പോലും ഇപ്പോള്‍ എഫ്‌ഐആര്‍ ഇടുന്നുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.എന്നാല്‍ ക്രമസമാധാന രംഗത്ത് സര്‍ക്കാര്‍ ദയനീയ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി കുറ്റപ്പെടുത്തി. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.