കോട്ടയം: മനുഷ്യരുടെ ക്രൂരതയ്ക്കു ഇരയായത് ആ മിണ്ടാപ്രാണികളായിരുന്നു. ഉടമയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഇവരുടെ ശരീരത്തില്‍ ക്രൂരതരയുടെ കഴുമുഖമാഴ്ത്തുകയായിരുന്നു ആ മനുഷ്യര്‍.
തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ കൊമ്പ് പിഴുതെടുത്ത് സമീപത്തുനിന്ന പശുവിന്റെ കഴുത്തിനു മുകളില്‍ കുത്തിയിറക്കിയാണ് ക്രൂരതയുടെ മനുഷ്യ മുഖം കാട്ടിയത്. കുമരകം 14ാം വാര്‍ഡ് അമ്മങ്കരിഭാഗത്ത് അത്തിക്കളം ഒറ്റക്കണ്ടത്തില്‍ പരേതനായ ദാസിന്റെ ഭാര്യ രമണിയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി പത്തിനുശേഷം വളര്‍ത്തുനായ്ക്കളുടെ ബഹളംകേട്ടിരുന്നതായി പറയുന്നു. രാവിലെ കറവയ്ക്കായി തൊഴുത്തില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അടുത്തിടെ പ്രസവിച്ച കറവയുള്ളതാണ് ഈ രണ്ടു പശുക്കളും. കൂടെയുണ്ടായിരുന്ന രണ്ടു കിടാരികള്‍ സുരക്ഷിതരാണ്.
വിധവയായ ഈ വീട്ടമ്മയോട് ഏതാനും നാളുകളായി സാമൂഹ്യവിരുദ്ധര്‍ പല ക്രൂരതകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പുരയിടത്തിലെ അതിരുകല്ല് ഇളക്കിമാറ്റിയെന്നും പൈപ്പ് ലൈന്‍ നശിപ്പിച്ചെന്നും രമണി പരാതിപ്പെട്ടു. അയല്‍വാസിയായ ഒരാളുടെ പേരില്‍ കോടതിയില്‍ കേസ് നിലവിലുണ്ടെന്നും കോടതി വിധിച്ച നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും തന്റെയും കുടുംബത്തിന്റെയും പ്രധാന വരുമാനമാര്‍ഗമായ പശുക്കള്ക്കുനേരെയുണ്ടായ അക്രമം സഹിക്കാവുന്നതിലും അപ്പുറമാണെന്നും രമണി കണ്ണീരോടെ പറയുന്നു. കുമരകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.