
മാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാമ്പ്യൻ പ്രകടനത്തിൽ റയൽ മാഡ്രിഡിന് വിജയം. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഡ്രിഡ് ടീമുകളുടെ ക്ലാസിക് പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ഉജ്ജ്വല വിജയമാണ് നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണോൾഡോയുടെ ഹാട്രിക് ഗോളിൽ അത്ലറ്റികോയെ 3-0 നാണ് റയൽ തകർത്തത്.
റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബർണാബുവിൽ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ആദ്യ ഗോളടിച്ച് അത്ലറ്റികോയ്ക്ക് മേൽ ആധിപത്യം നേടിയെടുത്തു. ഹെഡ്ഡറിലൂടെയായിരുന്നു ആദ്യ ഗോൾ. തുടക്കത്തിൽ തന്നെ പ്രഹരമേറ്റതോടെ അത്ലറ്റികോ ഉണർന്ന് കളിച്ചെങ്കിലും റയൽ പ്രതിരോധത്തിൽ തിരിച്ചൊരു പ്രഹരം നൽകുന്നതിൽ അവർ പരാജയപ്പെട്ടു.
ഇതിനിടെ 73-ാം മിനിറ്റിൽ റൊണോൾഡോ വീണ്ടും ഒരടി കൂടി നൽകി. ഇതോടെ ആർത്തിരമ്പിയ റയൽ കാണികൾക്ക് മുന്നിൽ അത്ലറ്റികോ കൂടുതൽ സമ്മർദ്ദത്തിലായി. അധികം വൈകാതെ 86-ാം മിനിറ്റിൽ റൊണോ തന്റെ ഹാട്രിക് ഗോളിലൂടെ പട്ടിക പൂർത്തിയാക്കി.ചാമ്പ്യൻസ് ലീഗ് ആദ്യ സെമിയുടെ ആദ്യ പാദത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന് വിജയം കൈവരിച്ചതോടെ 12-ാം യൂറോപ്യൻ കിരീടമെന്ന റയലിന്റെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തു. അത്ലറ്റികോയുടെ തട്ടകത്തിൽ മെയ് പത്തിനാണ് രണ്ടാം പാദം നടക്കുക.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ മൊണോക്കോ യുവന്റസിനെ നേരിടും. മൊണോക്കോയുടെ തട്ടകത്തിലാണ് മത്സരം.