ഇസ്ലാമാബാദ്: പാക് രാഷ്ട്രീയ-സൈനിക ഉന്നതര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കോടികള്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കിങ് നിക്ഷേപക സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍നിന്നു ചോര്‍ന്ന വിവരങ്ങളെ ആധാരമാക്കി വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാക് പൗരന്മാരുടെ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 4.42 ദശലക്ഷം സ്വിസ് ഫ്രാങ്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 1,400 പാക് പൗരന്മാരുമായി ബന്ധമുള്ള അറുനൂറോളം അക്കൗണ്ടുകളുടെ വിശദാംശങ്ങളാണു പുറത്തായത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മുന്‍ തലവന്‍ അക്തര്‍ അബ്ദുള്‍ റഹ്മാന്‍ ഖാനാണ് സ്വിസ് ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപമുള്ളവരില്‍ പ്രമുഖന്‍. 1979 മുതല്‍ 1987 വരെയാണ് ഖാന്‍ ഐ.എസ്.ഐ. തലവനായിരുന്നത്.
സോവിയറ്റ് യൂണിയനെതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്താനിലെ മുജാഹിദീനുകളെ പിന്തുണയ്ക്കാന്‍ അമേരിക്കയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും അക്തര്‍ അബ്ദുര്‍ റഹ്മാന്‍ ഖാന് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസില്‍നിന്നും സൗദിയില്‍നിന്നും ലഭിച്ച പണം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണു പോയതെന്നു ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രക്രിയയുടെ ഒടുവിലത്തെ സ്വീകര്‍ത്താവ് ഐ.എസ്.ഐയും മേധാവിയായ റഹ്മാന്‍ ഖാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.