ജോര്‍ജിയ: ജോര്‍ജിയയില്‍ അപകടകരമായ രീതിയില്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ദി പാട്രിയാക് ഓഫ് ദി ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചായ ആര്‍ച്ച് ബിഷപ്പ് ഇലിയയാണീ അപകടകരമായ മാമോദീസ നിര്‍വഹിക്കുന്നത്. ആര്‍ച്ച്ബിഷപ്പിനെതിരെ ശക്തമായ വിമശര്‍നവും ആശങ്കയും രേഖപ്പെടുത്തി വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. മാമോദീസയ്ക്കായി കുഞ്ഞുങ്ങളെ ഇത്തരത്തില്‍ പൂര്‍ണമായും വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ അവരുടെ ജീവന്‍ ബാക്കിയുണ്ടാകുമോയെന്ന ചോദ്യമാണ് അവര്‍ ഉത്കണ്ഠപ്പെടുന്നത്.
തലകീഴായി പിടിച്ചാണ് ഇദ്ദേഹം കുട്ടികളെ വെള്ളത്തില്‍ മുക്കുന്നത്. വളരെ അനായാസം കുട്ടികളെ എടുത്തുയര്‍ത്തി വേഗതയില്‍ വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങുന്ന കുട്ടികള്‍ പേടിച്ച് വിറച്ച് കരയുന്നതും ചിത്രങ്ങളില്‍ കാണാം. ടിബിലിസിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഈ പുരോഹിതന്‍ 780 കുട്ടികളെ ഇത്തരത്തില്‍ മാമോദീസ മുക്കിയിട്ടുണ്ട്. ഇലിയ ഇത്തരത്തിലുള്ള മാമോദീസാ ചടങ്ങുകള്‍ വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് നടത്തുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോയും പുറത്ത് വന്നിട്ടുമുണ്ട്.
താന്‍ മാമോദീസ മുക്കുന്ന ഓരോ കുട്ടിയുടെയും ഗോഡ്ഫാദറായിട്ടാണ് ഈ ആര്‍ച്ച് ബിഷപ്പ് അറിയപ്പെടുന്നത്. നിലവില്‍ അദ്ദേഹം ഇത്തരത്തില്‍ 30,000 കുട്ടികളുടെ ഗോഡ്ഫാദറായിരിക്കുന്നു. ഇദ്ദേഹത്തിന്റ അപകടകരമായ മാമോദീസയെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. രണ്ട് കുട്ടികളുള്ള കുടുംബത്തില്‍ പിന്നീട് ജനിക്കുന്ന കുട്ടിക്ക് താന്‍ നേരിട്ടെത്തി മാമോദീസാ ചടങ്ങ് നിര്‍വഹിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് 2007ല്‍ വാഗ്ദാനം ചെയ്തിരുന്നു. ജനനനിരക്ക് കുറഞ്ഞ ജോര്‍ജിയയില്‍ അദ്ദേഹത്തിന്റെ ആഹ്വാനം ഗുണം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിയാണീ ആര്‍ച്ച് ബിഷപ്പെന്നും റിപ്പോര്‍ട്ടുണ്ട്.