കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കറന്‍സി നിരോധനം പാളിയതായി റിപ്പോര്‍ട്ട്. കേന്ദ്രം നിരോധിച്ച 1,000 രൂപയുടെ കറന്‍സിയില്‍ 99 ശതമാനവും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് നശിച്ചുപോയതുള്‍പ്പെടെ കണക്കാക്കുകയാണെങ്കില്‍ ഏതാണ്ട് മുഴുവന്‍ നോട്ടുകളും തിരിച്ച് ബാങ്കിലെത്തി. 2016 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 5,00, 1,000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. 6.86 ലക്ഷം കോടി രൂപ മൂല്യമുള്ള ആയിരം രൂപ നോട്ടുകളാണ് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ വിപണിയിലുണ്ടായിരുന്നത്. ഇവയില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്.
പിന്‍വലിച്ച ആയിരം രൂപ നോട്ടുകളുടെ 1.3 ശതമാനം അതായത് 8,925 കോടി രൂപ മൂല്യമുള്ള ആയിരത്തിന്റെ നോട്ടുകള്‍ വിപണിയില്‍ ശേഷിക്കുന്നതായി ആര്‍ബിഐ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നോട്ട് അസാധുവാക്കല്‍ നടപടിക്കുശേഷം ബാങ്കുകളിലേക്ക് എത്ര നോട്ടുകള്‍ തിരികെയെത്തി എന്ന ചോദ്യത്തിനു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാത്തത് കറന്‍സി നിരോധനം പാളിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇല്ലാതാക്കാനാണെന്നാണ് സൂചന. കറന്‍സി നിരോധനത്തിന് ശേഷം കാഷ്‌ലസ് ഇടപാട് വ്യാപകമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും നടപ്പിലായിട്ടില്ല.