ന്യൂഡല്‍ഹി :കള്ളപ്പണം തടയുന്നതിനെന്ന പേരില്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് 10 ദിവസം പിന്നിടുമ്പോഴും പണദൌര്‍ലഭ്യം മാറ്റമില്ലാതെ തുടരുന്നു. ഉത്തരേന്ത്യയിലെ കാര്‍ഷികമേഖല ഗുരുതരപ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ യുപിയിലും രാജസ്ഥാനിലുമെല്ലാം റാബി വിത്ത് വിതയ്ക്കുന്ന സമയമാണിപ്പോള്‍.
കര്‍ഷകര്‍ ബാങ്കുകളില്‍നിന്ന് പണം മാറ്റിയെടുക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ്. ഖാരിഫ് വിളവെടുപ്പിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ച പണമാണ് വിലയില്ലാതെ പോയത്. പണം കണ്ടെത്താന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങളെയും സഹകരണബാങ്കുകളെയുമാണ് കൃഷിക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്.
രാജ്യത്തെ ചരക്കുനീക്കത്തെയും ഗുരുതരമായി ബാധിച്ചു. ആയിരക്കണക്കിന് ട്രക്കുകളാണ് നിശ്ചലമായി കിടക്കുന്നത്. ഡല്‍ഹിപോലെയുള്ള നഗരങ്ങളിലേക്ക് പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കേണ്ട ട്രക്കുകളാണ് ഓട്ടം നിര്‍ത്തിയത്. പ്രധാന വിപണിയായ ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയിലേക്ക് പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും എത്തുന്നതിന്റെ തോത് ഇടിഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വരവ് നിലച്ചതിനാലും വാങ്ങാന്‍ ആളില്ലാത്തതിനാലും ഡല്‍ഹിയിലും മറ്റും ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും അടച്ചിടുന്ന സ്ഥിതിയാണ്്. ചാന്ദ്നിചൌക്ക് പോലുള്ള വന്‍ വാണിജ്യകേന്ദ്രങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.
കുപ്പിവളനിര്‍മാണത്തിന് പേരുകേട്ട യുപിയിലെ ഫിറോസ്പുരില്‍ 90 ശതമാനം നിര്‍മാണകേന്ദ്രങ്ങളും അടച്ചു. ഡല്‍ഹിയിലെ സ്വര്‍ണക്കടകള്‍ ഏഴാംദിവസവും അടഞ്ഞുകിടന്നു. തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തുന്ന സാഹചര്യത്തിലാണിത്