ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും മന്‍ കി ബാത്ത് പരിപാടിയില്‍ മോദി പറഞ്ഞു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞാന്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നു. 70 വര്‍ഷമായി ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ചികിത്സ ലളിതമല്ല. നോട്ട് പിന്‍വലിക്കലിന് ശേഷം ജനങ്ങളെ സഹായിക്കാനായി കഠിനാധ്വാനം നടത്തിയ ബാങ്ക് ജീവനക്കാരോട് നന്ദി പറയുന്നു. ബാങ്കുകള്‍, പോസ്റ്റോഫീസുകള്‍, സര്‍ക്കാരുകള്‍ എന്നിവയെല്ലാം അര്‍പ്പണത്തോടെ ജോലിചെയ്തു.
രാജ്യം നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ വിജയകരമായി മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാജ്യത്തെ പാവപ്പെട്ടവും കര്‍ഷകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്. ചില ആളുകള്‍ സാധാരണക്കാരെ ഉപയോഗിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നു. കള്ളപ്പണം മാറ്റുക എന്നത് നിങ്ങളുടെ ആവശ്യമാണ്. പക്ഷെ അതിനായി പാവപ്പെട്ടവരെ ഉപയോഗിക്കരുത്. പാവപ്പെട്ടവരുടെ പേരില്‍ നിങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കരുത്.
ചെറുകിട വ്യാപാര രംഗത്തുള്ള എല്ലാവരും ഡിജിറ്റല്‍ ലോകത്തേക്ക് വരേണ്ടെ സമയമാണിത്. എല്ലാ ചെറുകിട വ്യാപാരികളേയും കാഷ്ലെസ് എക്കണോമിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് രാജ്യത്തെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. കാഷ്ലെസ്സ് എക്കണോമി എന്നത് വ്യത്യസ്തമാണ്. എന്തുകൊണ്ട് അത്തരമൊരു സമൂഹത്തിലേക്ക് മാറിക്കൂട. ഇതിനായി നിങ്ങളുടെ പിന്തുണ ആവശ്യമാണ്.
300 ശതമാനമാണ് റുപേ കാര്‍ഡിന്റെ ഉപയോഗത്തില്‍ ഉണ്ടായിരിക്കുന്നത്. വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്ന ലാഘവത്തോടെ ആളുകള്‍ കാര്‍ഡുപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ ദീപാവലി വളരെ വ്യത്യസ്ഥമായിരുന്നു. രാജ്യത്തെ ജനങ്ങള്‍ അവരുടെ സന്ദേശങ്ങള്‍ നമ്മുടെ ജവാന്‍മാര്‍ക്ക് അയച്ചത് അത്ഭുപ്പെടുത്തി. ജനങ്ങള്‍ സൈന്യത്തിനൊപ്പം നില്‍ക്കണം. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ സൈന്യത്തിന്റെ ശക്തി 125 കോടിയാകുമെന്നും മോദി പറഞ്ഞു. പൊതു പരീക്ഷകളില്‍ കശ്മീരിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പ്രതിസന്ധികള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു