ബെയ്ജിങ്: ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെയും നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശരാജ്യങ്ങളുടെ നോട്ടുകള്‍ ചൈന ഇതുവരെ അച്ചടിച്ചിട്ടില്ല എന്നാല്‍ 2013ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാര്‍ഗവും കടല്‍മാര്‍ഗവും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ആവിഷ്‌കരിച്ചതിനു പിന്നാലെയാണ് തങ്ങള്‍ക്ക് നോട്ടുകള്‍ അച്ചടിക്കാനുള്ള കരാറുകള്‍ ലഭിച്ചതെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റ്ങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയ്‌ഷെങ് പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘സത്യമാണെങ്കില്‍ ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. പാകിസ്താന് കള്ളനോട്ട് അടിക്കാന്‍ ഇത് എളുപ്പമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ദയവായി വ്യക്തമാക്കൂ. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, പിയൂഷ് ഗോയല്‍ എന്നിവരെ അദ്ദേഹം തന്റെ ട്വീറ്റില്‍ ടാഗും ചെയ്തിട്ടുണ്ട്.