തിരുവനന്തപുരം: തോമസ് ഐസകിന്റെ ധനകാര്യവകുപ്പ്. വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം .തുറുമുഖ വകുപ്പ് ഓഫിസുകളില്‍ കാര്യക്ഷമമല്ലാത്ത സോളാര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഖജനാവിന് വന്‍ നഷ്ടമുണ്ടായെന്നും ഇക്കാലയളവില്‍ ഡയറക്ടറായിരുന്ന നിലവിലെ വിജിലന്‍സ് ഡയറ്കടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടി വേണമെന്നും സര്‍ക്കാറിന്‍െറ ധനകാര്യപരിശോധനാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്നാണ് ധനകാര്യപരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത് . എന്നാല്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട് മരവിപ്പിക്കാനാണ് സാധ്യത.
ധനമന്ത്രി തോമസ് ഐസക്കിന്റെ അനുമതിയോടെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോമസ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് മേധാവിയായിരിക്കെ ഡയറക്ടറുടെ ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടാണ് നടന്നത്. അനുവാദം വാങ്ങാതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാല്‍ നഗരസഭയ്ക്ക് ഭീമമായ നികുതി നല്‍കേണ്ടിവരുന്നു. ഇതുവരെ തുറമുഖ കാര്യാലയത്തിന് വൈദ്യൂതി കണക്ഷനും അംഗീകൃത നമ്പരും ലഭിച്ചിട്ടില്ല.
ഈ ഇനത്തില്‍ സര്‍ക്കാരിന് 52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തുറമുഖ വകുപ്പിന്റെ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ വന്‍സാമ്പത്തിക നഷ്ടമാണുണ്ടയത്. വലിയതുറയിലെ തുറമുഖവകുപ്പിന്റെ ആസ്ഥാനം മുതല്‍ ബേപ്പൂര്‍ വരെയുള്ള 15 ഓഫീസുകളിലേക്കാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇതില്‍ വലിയതുറയിലെ ഓഫീസിലെ സോളാര്‍ മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തുറമുഖ വകുപ്പ് എസ്റ്റിമേറ്റിട്ടതിലും 275 ശതമാനം കൂടുതലാണ് ജേക്കബ് തോമസ് ചെലവഴിച്ചത്.
2013-14 കാലത്ത് 2.10 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് തുറമുഖ വകുപ്പ് തയ്യാറാക്കിയത്. എന്നാല്‍, 5.84 കോടി ചെലവിട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് അനെര്‍ട്ടാണെന്നിരിക്കെ, അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം ലഭിക്കാതെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അനെര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടണമെന്ന് വ്യവസ്ഥയുണ്ട്.
എന്നാല്‍, തുറമുഖ വകുപ്പ് അതിന് തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്നതിന് സിഡ്‌കോയ്ക്കും കെല്‍ട്രോണിനും കരാര്‍ നല്‍കുന്നതിന് വേണ്ടി ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചു. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത കെല്‍ട്രോണിനും സിഡ്‌കോയ്ക്കും കരാര്‍ നല്‍കിയതിന് ജേക്കബ് തോമസിനെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആറുകോടി മുടക്കിയ പദ്ധതിയില്‍ 600 രൂപ മാത്രമാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു ലക്ഷത്തിന് മുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനകാര്യവിഭാഗത്തിന്റെയും ഐ.ടി വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ ജേക്കബ് തോമസ് അനധികൃതമായി ഉപകരണങ്ങള്‍ വാങ്ങിയത്. വിവിധ ഓഫീസുകളിലേക്കായി 54.28 ലക്ഷം രൂപയുടെ ലാപ്‌ടോപും കമ്പ്യൂട്ടറുകളും പ്രിന്ററുകളും വാങ്ങുകയും ചെയ്തു. ഇത് ഗൗരവമേറിയ വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയതുറയിലെ തുറമുഖ ആസ്ഥാന കാര്യാലയത്തിനായി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, ആലുവയില്‍നിന്നും സ്റ്റീല്‍ ഫര്‍ണീച്ചര്‍ വാങ്ങിയതിലും സാമ്പത്തികമായി നഷ്ടവും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത സ്ഥാപനത്തില്‍നിന്നുമാണ് ഇത് വാങ്ങിയത്. ടെണ്ടറില്ലാതെ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള കത്തും സര്‍ക്കാരിന് നല്‍കി. ഇക്കാര്യത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവുണ്ടായത്.
ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ ടെണ്ടര്‍ നടപടികളിലൂടെ വാങ്ങിയിരുന്നുവെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമായിരുന്നു. ഇതുസംബന്ധിച്ച് 2013ലെ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമം ഉറപ്പാക്കുന്നതില്‍ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് പരാജയപ്പെട്ടു. തുറമുഖ വകുപ്പ് ആസ്ഥാനത്തേക്ക് ഓഡിയോ വിഷ്വല്‍, ഡൈവിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നതിന് മതിയായ സമയം നല്‍കിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമം ഇക്കാര്യത്തില്‍ ലംഘിച്ചു. ക്രമവിരുദ്ധമായ നടപടിയാണിതെന്നും ധനകാര്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാര്യക്ഷമമായ ഉപകരണങ്ങള്‍ ജേക്കബ് തോമസ് ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍, നീണ്ടക്കര എന്നിവിടങ്ങളിലെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ സേവനദാതാവായിട്ടും ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിനെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണം ഏല്‍പ്പിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മ്മാണ ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല്ലം തുറമുഖത്ത് ഫോര്‍ക്ക് ലിഫ്റ്റുകള്‍, ക്രെയിനുകള്‍ എന്നിവ സ്ഥാപിച്ചത് ആധികാരികമായ പഠനങ്ങള്‍ നടത്താതെയാണ്. അഴീക്കലിലെ കോട്ടേഴ്‌സ് നിര്‍മ്മാണത്തിലും സാങ്കേതികമായി അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പിന്റെ കീഴില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയത്. ധനകാര്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടായിട്ടില്ല.തീരദേശത്ത് നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന് പരിസ്ഥിതി ആഘാതപഠനവും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/