കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാ‍ർത്ഥികൾക്ക് ദാരുണാന്ത്യം.മരിച്ചവരെ തിരിച്ചറിഞ്ഞു, നാല് പെൺകുട്ടികളുടെ നില ​ഗുരുതരം.: ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല, ഗാനമേള തുടങ്ങിയിരുന്നില്ല; ‘ഫ്രീക് ആക്സിഡന്റ്’ എന്ന് എഡിജിപി

കൊച്ചി: കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ നാല് പെൺകുട്ടികളുടെ നില ​ഗുരുതരമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. ഇതിൽ രണ്ട് പേരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആകെ 46 പേരാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ഇതിൽ 18 പേർക്ക് പരിക്കുകളുണ്ടെന്നും എഡിജിപി പറഞ്ഞു. എഡിജിപി അപകടം നടന്ന ഓഡിറ്റോറിയത്തിലെത്തി.

കുസാറ്റിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്ക് നയിച്ചത് മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആർ അജിത് കുമാർ. കേസിൽ ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ തീരുമാനിച്ച വിദ്യാർത്ഥികൾ തന്നെ വളണ്ടിയർമാരായി നടത്തിയ പരിപാടിയായിരുന്നു. ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോൾ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്നും എഡിജിപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറകിൽ നിന്നുള്ള തള്ളിൽ മുന്നിലുണ്ടായിരുന്നവർ പടികളിലേക്ക് വീണു. ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീണു. വീണവർക്ക് ചവിട്ടേറ്റു. മുന്നിൽ ആളുകൾ വീണ് കിടപ്പുണ്ടെന്ന് പിന്നിലുണ്ടായിരുന്നവർ അറിഞ്ഞിരുന്നില്ല. ഫ്രീക്ക് ആക്സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതേ ആയിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാൻ ഗേറ്റ് അടച്ചതാണ് പ്രശ്നമായത്. 1000 മുതൽ 1500 പേരെ വരെ ഉൾക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകൾ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പറഞ്ഞ എഡിജിപി സംഭവം നടക്കുമ്പോൾ പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

കുസാറ്റിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായാണ് ഗാനമേള നടത്തിയത്. എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തിയ പരിപാടിയിലേക്ക് വരാൻ വിദ്യാർത്ഥികൾക്ക് ഒരേ പോലുള്ള ടീ ഷർട്ട് നൽകിയിരുന്നു. ഇത് ധരിച്ച് വരുന്നവർക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം. ഓരോ ബാച്ച് വിദ്യാർത്ഥികളെയായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഗാനമേള ആരംഭിച്ചിരുന്നില്ല. ഈ സമയത്താണ് മഴ പെയ്തത്. പിന്നാലെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം കാത്ത് നിന്ന വിദ്യാർത്ഥികൾ തിക്കിത്തിരക്കി. ഈ സമയത്ത് ഇവർക്ക് മുന്നിൽ പടികളിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾ മറിഞ്ഞുവീണു. ഇവർക്ക് മുകളിലേക്ക് പിന്നിലുണ്ടായിരുന്ന വിദ്യാർത്ഥികളും വീണു. തിരക്കിനിടയിൽ വീണുപോയ വിദ്യാർത്ഥികൾക്ക് ചവിട്ടേൽക്കുകയായിരുന്നു.

രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം നടന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി കോരങ്ങാട് സ്വദേശി സാറാ തോമസ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 3 പേരെ കളമശേരി മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ചു.

15 പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിസ്സാര പരിക്കുകളോടെ വാർഡിൽ അഡ്മിറ്റാണ്. 15 കുട്ടികൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിക്ക് സി ടി സ്കാൻ ചെയ്തിട്ട് ഫലം കാത്തിരിക്കുകയാണ്. രണ്ട് പേർ കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി. ഒരു കുട്ടി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

Top