കോട്ടയം: അമേരിക്കയില്‍ ജോലിക്കായി നല്‍കിയ അപേക്ഷ ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വിദേശി ഉള്‍പ്പെടെയുള്ള സംഘം പിടിയില്‍. കോട്ടയം ആര്‍പ്പൂക്കര കളപ്പുരയ്ക്കല്‍ ദിലീപ് ജോസഫ് വിദേശ ഷിപ്പിങ് കമ്പനിയിലേക്ക് ഇന്റര്‍നെറ്റിലയച്ച ജോലി അപേക്ഷ ഹാക്ക്ചെയ്താണ് പണം തട്ടിയത്. മുംബൈയില്‍ വച്ചാണ് സംഘം പിടിയിലായത്. നൈജീരിയ സ്വദേശിയുള്‍പ്പെടെ മൂന്ന് പേരാണ് പ്രതികള്‍.
തട്ടിപ്പ് സംഘത്തിന് നേതൃത്വം നല്‍കിയ നൈജീരിയന്‍ സ്വദേശി ബെഞ്ചമിന്‍ ബാബാ ഫെമി (ഒലോണോ ഫെമി 44), കാമുകി പുണെ സ്വദേശിനി ശീതള്‍ ആനന്ദ് പാട്ടീല്‍, മുംബൈ സ്വദേശി വിനോദ് ജി.കട്ടാരിയ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നൈജീരിയക്കാരനായ മറ്റൊരു പ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.
ഗള്‍ഫില്‍ മറൈന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ദിലീപ് അമേരിക്കയിലെ ഷിപ്പിങ് കമ്പനിയില്‍ ജോലിക്ക് അപേക്ഷ അയച്ചിരുന്നു. മറുപടിയായി മറ്റൊരു ഇ മെയില്‍ അഡ്രസും വാട്ട്സ് ആപ്പ് സന്ദേശവും ലഭിച്ചു. പിടിയിലായ ബെഞ്ചമിനും ഒളിവില്‍കഴിയുന്ന നൈജീരിയക്കാരനും ചേര്‍ന്നാണ് മെയില്‍ അയച്ചത്. പിന്നീട് അപേക്ഷയിലെ വിവരങ്ങള്‍ വെച്ച് ഇന്ത്യയിലെ അമേരിക്കന്‍ ഹൈക്കമ്മിഷണര്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് ഗാര്‍ഡനാണെന്ന വ്യാജേനയാണ് ഇവര്‍ ദിലീപിനെ ബന്ധപ്പെട്ടത്. ജോലി ഉറപ്പായെന്നും തൊഴില്‍ പെര്‍മിറ്റിനും ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുമായി ഒന്‍പതര ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഹൈക്കമ്മിഷണര്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് ഗാര്‍ഡനാണെന്ന് ഉറപ്പായതോടെ പണം അയച്ചുകൊടുത്തു.
എന്നാല്‍ പിന്നീടും ദിലീപിനെ ബന്ധപ്പെട്ട ഇവര്‍ നാലര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ഉടന്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ മുംബൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ബോധ്യപ്പെട്ട പോലീസ് നാലര ലക്ഷം നിക്ഷേപിച്ചെന്ന് കാട്ടി മെയിലയച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി രണ്ടരലക്ഷം കൂടി അയച്ചാല്‍ തൊഴില്‍ വിസ കിട്ടുമെന്ന് വീണ്ടുംപ്രതികള്‍ ആവശ്യപ്പെട്ടു. അതും നിക്ഷേപിച്ചു എന്ന് കാട്ടി പൊലീസ് മെയില്‍ അയച്ചു.
പിന്നീട് പണം പിന്‍വലിക്കാന്‍ പ്രതികള്‍ എത്തുന്ന ബാങ്കിനു മുന്നില്‍ പൊലീസ് സംഘം കാത്തുനിന്നു. രണ്ടാം ദിവസം ബാങ്കിലെത്തിയ വിനോദിനെ പോലീസ് പിടികൂടി. തുടര്‍ന്നാണ് മറ്റുള്ളവരും പിടിയിലായത്. ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുംബൈ വാസിയിലെ കോടതിയില്‍ ഹാജരാക്കി കോട്ടയത്തെത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.