തിരുവനന്തപുരം: ഇനി പത്രങ്ങളിലെ കല്ല്യാണ പരസ്യങ്ങളിലെ കോളങ്ങളില്‍ ഡിങ്കോയിസ്റ്റ് എന്ന കോളം കണ്ടാല്‍ ആരും അത്ഭുതപെടേണ്ടതില്ല. ട്രോള്‍ മതമായ ഡിങ്കോയിസ്റ്റുകളുടേ പേരിലും വധുവിനെ തേടിയുള്ള പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലെ ക്ലാസ്സിഫെഡ് പേജിലാണ് പരമ്പരാഗ പരസ്യങ്ങളെ ട്രോളിക്കൊണ്ട് ഒരു ഡിങ്കോയിസ്റ്റ് യുവാവിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഡിങ്കോയിസ്റ്റും സുന്ദരനും എംടെക് ബിരുദധാരിയും സ്വയം സംരംഭകനുമായ 29കാരനാന്‍ വധുവിനെ അന്വേഷിക്കുന്നു എന്നാണ് പരസ്യം. ഡിങ്കോയിസ്റ്റെന്ന നിലയില്‍ രാജ്യം പ്രശ്നമല്ലെന്നും പരസ്യത്തില്‍ പറയുന്നു. പാക്കിസ്ഥാനി വധുക്കള്‍ക്കും പരസ്യത്തില്‍ സ്വാഗതം ചെയ്യുന്നു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിയാണ് ഈ വ്യത്യസ്തമായ മാട്രിമോണിയ പരസ്യം നല്‍കിയത്.
മതവിശ്വാസിയല്ലാത്ത റാസ്മിനാണ് ഇന്നത്തെ പത്രത്തില്‍ പങ്കാളിയെ കണ്ടെത്താന്‍ പരസ്യം നല്‍കിയത്. കുറച്ചുകാലമായി വിവാഹാലോചന തുടങ്ങിയെങ്കിലും അനുയോജ്യയായ വധുവിനെ ലഭിക്കാതെ വന്നതോടെയാണ് ഡിങ്കോയിസ്റ്റാണെന്ന വിധത്തില്‍ റാസ്മിന്‍ പരസ്യം നല്‍കിയത്. പറവൂരില്‍ എഞ്ചിനിയറിങ് സെന്റര്‍ നടത്തുന്നയാളാണ് റാസ്മിന്‍. പത്രത്തിലെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ നിരവധി പേരാണ് ഇതില്‍ പ്രതികരിച്ചത്. ട്രോള്‍ വിധത്തിലാണ് പരസ്യമെന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ മകിച്ച പ്രതികരണം ലഭിക്കുകയും ചെയ്യുന്നു. പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റാസ്മന്റെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥയായിട്ടുണ്ട്.
മൂന്ന് പ്രാവശ്യം പെണ്ണുകാണാന്‍ പോയിരുന്നു. അവരാരും എന്റെ ചിന്താഗതിയും കാഴ്ചപ്പാടുമായി യോജിക്കാന്‍ കഴിയുന്നവരായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ മതരഹിത ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഡിങ്കോയിസ്റ്റ് ലേബലില്‍ പരസ്യം നല്‍കിയതെന്നാണ് റാസ്മിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ഡിങ്കോയിസ്റ്റ് മൂവ്മെന്റിന്റ് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടു തന്നെയാണ് ഇത്തരമൊരു പരസ്യവുമായി യുവാവ് രംഗത്തെത്തിയത്.
പരമ്പരാഗത മതങ്ങളെ ട്രോളാന്‍ വേണ്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഡിങ്കോയിസം രൂപപ്പെട്ടത്. മതം സമൂഹത്തില്‍ നടത്തുന്ന സ്ഥാപിത ഇടപെടലുകളെ ക്രിയാത്മകമായും ഹാസ്യാത്മകമായും വിമര്‍ശിക്കാനായി ഒരു സമാന്തര മതം. ഡിങ്കോയിസ്റ്റുകള്‍ക്ക് പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്കിടയിലുള്ള സ്വീകാര്യത വെളിവാക്കുന്നതാണ് ഈ വിവാഹ പരസ്യം. ചിത്രകഥാ കഥാപാത്രമായ ഡിങ്കനെ ദൈവം ആക്കുന്നതിലൂടെയാണ് ഇവിടെ പാരമ്പര്യമതങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഡിങ്കന്‍ ദൈവമാകുമ്പോള്‍ ഡിങ്കന്റെ ചിത്രകഥ പ്രസിദ്ധീകരിച്ചുവന്ന ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നു. പങ്കിലക്കാട് എന്ന സമൂഹത്തിലെ അംഗങ്ങള്‍ എല്ലാവരും. കപ്പയാണ് ഡിങ്കോയിസ്റ്റുകളുടെ ആസ്ഥാന ഭക്ഷണവും. സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ട്രോള്‍ മതം അന്തര്‍ദേശിയ മാധ്യമങ്ങലിലും വാര്‍ത്തായിരുന്നു.